Labels

11.07.2012

മുളപ്പിച്ചെടുക്കുന്ന മൌനം _________



ജലഞരമ്പുകള്‍
മഴയിലകളെ ധ്യാനിച്ച്
സ്വര്‍ഗ്ഗാരോഹണത്തിനൊരുങ്ങുന്ന
നാടിന്‍റെ മണ്ണില്‍ ,
മൌനത്തെ അവര്‍
മുളപ്പിച്ചെടുക്കുകയായിരുന്നു .

പച്ചകുത്തിയ
സദാചാര ചിത്രങ്ങളില്‍
ഏതോ രാസവാക്യത്തിന്‍റെ
സമര്‍ത്ഥമായി പകിടകളി
കെണിയൊരുക്കിയപ്പോഴും ,
മുഷ്ടി ചുരുട്ടിയ പ്രതിഷേധങ്ങളില്‍
നീന്താന്‍ പഠിക്കുകയായിരുന്നു ,
ഒരു കൂട്ടം ഉഭയവര്‍ഗ്ഗങ്ങള്‍ .

പുരോഗമന ചിന്താഗതിയുടെ
വളവുകളിലാണ്
സ്റ്റെതസ്കോപ്പ്കളുടെ അറ്റങ്ങള്‍ക്ക്
ചെവികള്‍ പെറ്റുപെരുകിയത് .
ജ്യാമിതീയരൂപങ്ങളില്‍
കലാലയങ്ങള്‍ നീട്ടിപ്പരത്തിയത്
പലപ്പോഴും ഭൂപടങ്ങളായിരുന്നെന്നു ,
ഇപ്പോഴും
ജോലിതേടുന്ന കാലുകളുടെ
പഴിയൊച്ചകള്‍ .

മഞ്ഞു പാളികള്‍ക്ക്
കാലുറയ്ക്കാതെയാകുമ്പോഴും
നിരത്തുകള്‍ ചുമച്ചു കറുത്തപ്പോഴും ,
ഉണ്ടപാത്രത്തില്‍
അവര്‍ കോറി രസിച്ചത്
കറന്‍സികളുടെ രേഖാചിത്രങ്ങള്‍ മാത്രം.
രൂപം മാറുന്ന സൂത്രവാക്യം
എത്ര ധൃതിയിലാണിപ്പോള്‍
ഗ്രാമങ്ങള്‍ പഠിച്ചു തീര്‍ക്കുന്നത് .

തല്ലിയെഴുതിയ അക്ഷരങ്ങള്‍ കൊണ്ട്
അമ്മാനമാടുവാന്‍ പാകമായ
വിത്തുകളെയായിരുന്നു
ഒരോ മുറികളും വിസര്‍ജ്ജിച്ചിരുന്നത് .
ഫ്ലാറ്റുകളില്‍ അവയെല്ലാം
ഗുണന ചിഹ്നങ്ങളായിക്കൊണ്ടെയിരുന്നു ,
ചിതലുപോലെ
ഗൃഹാതുര തിന്നും
പുഴുവരിച്ച നക്ഷത്ര സദ്യകള്‍ വിഴുങ്ങിയും ,
അവര്‍ തുപ്പിയത്
സംസ്കാരവും ,പാരമ്പര്യവും ,
ആദര്‍ശങ്ങളും ഓഹരി ഗോവണികളും
അവയുടെ പര്യായങ്ങളുമായിരുന്നു .

എന്നിട്ടും
മൌനങ്ങളെ മുളപ്പിച്ചെടുത്തുകൊണ്ട് .
മാലിന്യക്കൂനയുടെ കാഴ്ചകളില്‍ നിന്നും
വഴിമാറിപ്പോകുവാന്‍
അവരിപ്പോഴും
പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന
രസത്തിലാണ് .
____________________________________

4 comments:

  1. ജലഞരമ്പുകള്‍
    മഴയിലകളെ ധ്യാനിച്ച്
    സ്വര്‍ഗ്ഗാരോഹണത്തിനൊരുങ്ങുന്ന
    നാടിന്‍റെ മണ്ണില്‍ ,
    മൌനത്തെ അവര്‍
    മുളപ്പിച്ചെടുക്കുകയായിരുന്നു .
    മൌനത്തിനൊരഭൌമ സൌന്ദര്യം തന്നെ ആണല്ലേ...

    ReplyDelete
  2. രൂപം മാറുന്ന സൂത്രവാക്യം
    എത്ര ധൃതിയിലാണിപ്പോള്‍
    ഗ്രാമങ്ങള്‍ പഠിച്ചു തീര്‍ക്കുന്നത്

    ReplyDelete
  3. ചിതലുകള്‍ പോലെ
    ഗൃഹാതുര തിന്നും
    പുഴുവരിച്ച നക്ഷത്ര സദ്യകള്‍ വിഴുങ്ങിയും ,
    അവര്‍ തുപ്പിയത്
    സംസ്കാരവും ,പാരമ്പര്യവും ,
    ആദര്‍ശങ്ങളും ഓഹരി ഗോവണികളും
    അവയുടെ പര്യായങ്ങളുമായിരുന്നു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "