Labels

11.08.2012

ചൂണ്ടുവിരലിന്നിരുവശം



മനസ്സിന്‍റെ

ഓരം ചേര്‍ന്നു പൊഴിയുന്നുണ്ട്
മഴത്തുള്ളികള്‍ .
ചിന്തകളുടെ കാര്‍മേഘങ്ങള്‍ ചിലപ്പോള്‍
നിറഞ്ഞു തുളുമ്പുന്ന ചഷകവുമായി
ഒളികണ്ണിടുന്നു.
മറ്റുചിലപ്പോള്‍
വറ്റിയ നീര്‍മണികളുടെ കൂട്ടില്‍
ആത്മാവില്ലാത്ത
മഴവില്‍ത്തുണ്ടുകള്‍ നിറയുന്നു .

ചിതറുന്ന പൂവിതളില്‍

നിമിനേരം കൊണ്ടല്ലേ ഒരു സ്വപ്നം
നാമാവശേഷമാകുന്നത്.
പിടയ്ക്കുന്ന സ്വപ്നങ്ങളുടെ ചീളുകളില്‍
വേരുകള്‍ മുറിയുവാനായ്
എന്തിനു നീ കാത്തുനില്‍ക്കുന്നു.
പുഞ്ചിരിക്കൂ
ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും.

കാഴ്ചകളുടെ തിളക്കങ്ങളില്‍

കപടതയുടെ
കറുത്ത നൂലിഴകള്‍ കണ്ടേക്കാം.
ഒരഭ്യാസിയെപ്പോല്‍ ചാഞ്ഞോഴിഞ്ഞും
കുനിഞ്ഞു നീര്‍ന്നും നീ അവയെല്ലാം
മറികടക്കേണ്ടതുണ്ട്.

കാമമല്ല നിനക്കാവശ്യം

നിമിഷ സുഖങ്ങളെയല്ല
നീ ലക്‌ഷ്യം വയ്ക്കേണ്ടത്.
നിനക്കൊരു വ്യക്തിത്വമുണ്ടെന്നു നീ
തിരിച്ചറിയുന്നുവോ?
അത് പളുങ്കു പോല്‍ സുന്ദരമാക്കൂ ,
ഉരുക്കുപോല്‍ ശക്തമാക്കു.

നാള്‍വഴികളില്‍ നിന്‍റെ മന്ദഹാസം

തടഞ്ഞു വീഴ്ത്തുന്ന
വേരുകളല്ല തീര്‍ക്കേണ്ടത്.
ആഴമുള്ള ചിന്തകളില്‍ നീ
ഊളിയിടെണ്ടതുണ്ട്.
ചൂണ്ടു വിരലിന്‍റെ അപ്പുറവും ഇപ്പുറവും
നീ  കാണേണ്ടത്
നിന്നെത്തന്നെ ......................

5 comments:

  1. മറ്റുചിലപ്പോള്‍
    വറ്റിയ നീര്‍മണികളുടെ കൂട്ടില്‍
    ആത്മാവില്ലാത്ത
    മഴവില്‍ത്തുണ്ടുകള്‍ നിറയുന്നു . ആഴമുള്ള ചിന്തകളില്‍ നീ
    ഊളിയിടെണ്ടതുണ്ട്.
    ചൂണ്ടു വിരലിന്‍റെ അപ്പുറവും ഇപ്പുറവും
    നീ കാണേണ്ടത്
    നിന്നെത്തന്നെ ......................

    ReplyDelete
  2. നല്ല വരികള്‍

    ഒരുപാട് ഇഷ്ടമായി

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "