11.24.2012

ചിറകു മൂര്‍ച്ചകള്‍ _____


ചീവീടുകളെ  ,
ഇരവുപകലുകളുടെ
ഗാഡതയില്‍ നിന്നും 
നിങ്ങള്‍ നേര്‍പ്പിച്ചെടുക്കുന്നത് 
ഏതു പ്രതിഷേധത്തിന്‍റെ 
ചിറകു മൂര്‍ച്ചകളാണ്..?

വേനല്‍ നടുന്ന 
വരണ്ട കാറ്റിന്‍റെ ശ്വാസത്തിലേയ്ക്ക് 
നിങ്ങള്‍ പൊഴിച്ചിടുന്ന 
അരോചക മൊഴികള്‍ 
ആരാണ് 
വേര്‍തിരിച്ചെടുക്കുന്നുണ്ടാകുക ..

വിട്ടുവീഴ്ച്ചകളില്ലാത്തവന്‍റെ 
മുദ്രാവാക്യം പോലെ 
അവയെപ്പോഴും കര്‍ണ്ണപുടങ്ങളെ 
രാകിക്കൊണ്ടേയിരിക്കുന്നു .

വെയിലുതിരുന്ന നനവുകളിലും 
കാറ്റ് തൊടാത്ത ശബ്ദങ്ങളിലും 
ബലിയിടുന്ന മന്ത്രങ്ങളെ ,
നിങ്ങളെനിക്കായ് കടം തരിക 
വന്യതയുടെ മലകയറ്റങ്ങളിലേക്ക്
ഊന്നുവടി  കടയാന്‍ ,
പ്രതിഷേധമുണങ്ങാത്ത 
ചിറകുമൂര്‍ച്ചകളില്‍ നിന്നും ,
ഒരു ചീന്ത് ശബ്ദം .
______________________________