Labels

10.13.2012

വെയില്‍ത്തുള്ളികള്‍ തേടി





നിലാവിന്‍റെ പീലികളില്‍
ചേര്‍ന്നിരിക്കുന്ന ,
വെയിലിന്‍റെ തുള്ളികള്‍
ഞാന്‍ അടര്‍ത്തിയെടുക്കുന്നു.

മഞ്ഞു വീണു നരച്ച മാസങ്ങളുടെ
മുടിച്ചുരുളുകളില്‍,
കൂടുമെടഞ്ഞ കുരുവിയുണ്ട്
ചിറകൊതുക്കിയ കുഞ്ഞുചിന്തകള്‍ക്ക്
നോവ്‌ വറ്റിയ ചിപ്പിയില്‍ നിന്നും ,
തിളങ്ങുന്ന ചുംബനം
തൊട്ടെടുക്കണം .

വിഷാദം അമറിത്തിമിര്‍ക്കുന്ന
തെരുവിന്‍റെ നിഴലുകളില്‍
സന്ധ്യയുടെ മൌനം വാചാലമാകുന്ന
മാന്ത്രിക സ്പര്‍ശം
ഇഴുകിച്ചേരുന്നത് ഞാനിതാ
കണ്ടു നില്‍ക്കുന്നു .
വാവലുകള്‍
വേദമോതുന്ന തരംഗങ്ങളില്‍ ,
മൂങ്ങമന്ത്രങ്ങള്‍
ഒപ്പുചാര്‍ത്തുന്ന നിശ്ചലതയെ
എലസ്സില്‍ കോരി നിറക്കുമ്പോള്‍ ,
പൂവ്വാങ്കുരുന്നുകള്‍
കൊഴിയുവാന്‍ തിടുക്കം
കൂട്ടിയതെന്തിനാണ്?

മഴക്കാടുകള്‍
താണ്ടാന്‍ നേരമായി .
പതറി നില്‍ക്കുന്ന ഇലത്താളങ്ങളില്‍
കയ്യൊപ്പിന്‍റെ നിമിഷശല്‍ക്കങ്ങള്‍
അലിഞ്ഞുതിരുമ്പോള്‍
ഞാനെന്‍റെ
നിലാവുതിരുന്ന മുറ്റത്തേയ്ക്ക്
തിരിച്ചു നടക്കും .

മഞ്ചാടിച്ചെരുവിലെ
കിളുന്തു വാസനക്കാറ്റില്‍ പാറിനടക്കുന്ന
പളുങ്ക്ശലഭങ്ങളെ
കണ്ണില്‍ ഒപ്പിയെടുക്കുമ്പോള്‍
കൌമാര ചിന്തകളുടെ മഷിക്കുപ്പി
വര്‍ണ്ണത്താളുകളിലെയ്ക്ക് ഇറ്റുവീഴും .

തൂവല്‍ക്കിളിര്‍ത്ത ഉറുമ്പുകള്‍
സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്ന
ചോളവയല്‍ത്തിരികളില്‍
സ്വര്‍ണ്ണം പൂശാന്‍ താലമേന്തി
നില്‍ക്കുന്നവന്‍റെ ചിത്രം
വരഞ്ഞു പടരുമ്പോള്‍ ,
നിറങ്ങള്‍ക്ക്
ജീവന്‍ വയ്ച്ചു തുടങ്ങിയിരുന്നു .

വെയില്‍ത്തുള്ളികള്‍ അടര്‍ത്തിയെടുക്കുവാന്‍
ഇനിയൊരു രാവിനെ
ബലി കൊടുക്കേണ്ടതുണ്ട് .
നേരമായി
ഇനി ,
യാമങ്ങളുടെ ഇതളുകള്‍ വിരിയുന്ന
പടികളില്‍
ചൂട്പടരും മുന്‍പേ
കിളികളുടെ പാട്ടിലേറി ഞാനിതാ
പുറപ്പെടുകയായി .
_____________________________

2 comments:

  1. നല്ല കവിത, നല്ല പ്രയോഗങ്ങള്‍..., എനിക്കേറെ ഇഷ്ടമായി..

    ആ വേര്‍ഡ് വാരിഫിക്കേഷന്‍ ഒഴിവാക്കിയേക്കണേ സോണീ..

    ReplyDelete
  2. അതിമനോഹരമായ ചിത്രം.. അതു പോലെ വരികളും പ്രത്യേകിച്ച് വിഷാദം അമറിത്തിമിര്‍ക്കുന്ന
    തെരുവിന്‍റെ നിഴലുകളില്‍
    സന്ധ്യയുടെ മൌനം വാചാലമാകുന്ന
    മാന്ത്രിക സ്പര്‍ശം
    ഇഴുകിച്ചേരുന്നത് ഞാനിതാ
    കണ്ടു നില്‍ക്കുന്നു വെയില്‍ത്തുള്ളികള്‍ അടര്‍ത്തിയെടുക്കുവാന്‍
    ഇനിയൊരു രാവിനെ
    ബലി കൊടുക്കേണ്ടതുണ്ട് .
    നേരമായി
    ഇനി ,
    യാമങ്ങളുടെ ഇതളുകള്‍ വിരിയുന്ന
    പടികളില്‍
    ചൂട്പടരും മുന്‍പേ
    കിളികളുടെ പാട്ടിലേറി ഞാനിതാ
    പുറപ്പെടുകയായി .

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "