10.07.2012

സ്വപ്നം പൂക്കുന്ന ചില്ലകള്‍ _______

രാവിന്‍റെ നിശ്വാസങ്ങളില്‍
മഴത്താളം നിറഞ്ഞു കുതിരുന്നു .
കാറ്റിന്‍റെ വിരല്‍പ്പിടിച്ചു ,
മഴയുടെ ഈറന്‍ ഗന്ധം
ഓര്‍മ്മകളുടെ നടുമുറ്റത്തേക്ക്...
മിഴിപൂട്ടിയ തളിരുകളുടെ മന്ത്രസ്വനം
വേരുകള്‍ പ്രണയിക്കുന്ന
മണ്ണിന്‍റെ സ്വപ്നലോകത്തെയ്ക്ക്
ശാന്തമായ്‌ അടര്‍ന്നു വീഴുന്നു .

ഇനിയെന്‍റെ ചില്ലകളില്‍ സ്വപ്നം വിടരും .

മൌനത്തിന്‍റെ ശാന്തതയില്‍
ഒരില ജ്ഞാനമോതുന്നതും
ചുണ്ടുകളുടെ മൃദുലതയില്‍
പനിനീര്‍പ്പൂക്കള്‍ വിരുന്നുകാരാകുന്നതും
വയലറ്റ് പൂക്കളുടെ ഉദ്യാനത്തിലെ
കാറ്റ് കണ്ടു നില്‍ക്കും.

ചിലന്തിയുടെ വലയില്‍

മഞ്ഞുപൂക്കുന്ന കാലമുണ്ട് .
അപ്പോള്‍ കാഷായ ചിന്തകളുമായി
ഒരുവന്‍ യോഗിയാകും .
പൊഴിയുന്ന ഋതുക്കള്‍ വിരുന്നെത്തുന്ന
ഒറ്റമരത്തിന്‍റെ പൂക്കളില്‍
ഇണക്കിളികള്‍ കൂടുവയ്ക്കും.
ചിറകൊതുക്കിയ അരയന്നങ്ങള്‍
വെളുത്ത പൂക്കള്‍ക്ക് കാവല്‍ നില്‍ക്കും .

ഇനിയെന്‍റെ മഴയെറ്റ ചിന്തകളിലെയ്ക്ക്

ഞാന്‍ തിരിച്ചു നടക്കട്ടെ .
മഴമണം കൂടുവിട്ട വഴികളില്‍
വെയില്‍ച്ചില്ലകള്‍ പൂക്കുന്ന
ജമന്തിപ്പാടങ്ങളില്‍ അലഞ്ഞു നടക്കാന്‍
മനസ്സിന് ചിറകു കൊടുക്കേണ്ടതുണ്ട്.

സ്വപ്നങ്ങളുടെ താഴ്വരയില്‍

ഇനിയും വിടരാത്ത മൊട്ടുകളുടെ
സ്വരം കേട്ടുണരാന്‍ ,
വസന്തം വാരിച്ചുറ്റിയ ചില്ലകളില്‍
ഇത്തിരി നേരം
മയങ്ങട്ടെയിനി ഞാനും .
എന്റെ സ്വപ്നങ്ങളിലിപ്പോഴും
മഴപ്പൂക്കള്‍ വിടര്‍ന്നുകൊണ്ടേയിരിക്കുന്നു .
______________________________