10.06.2012

ഇടവേളകളുടെ വെളിപാടുകള്‍ഒറ്റപ്പെടലിന്‍റെ
മൂര്‍ത്തഭാവങ്ങള്‍ വരഞ്ഞു ചേര്‍ത്ത
ചുമര്‍ചിത്രങ്ങളില്‍
നിറങ്ങള്‍ കടമെടുത്തത്‌
ആകാശത്തിലേയ്ക്ക് കൊതിയോടെ നോക്കിയ ,
കണ്ണുകളുടെ മുനമ്പില്‍ നിന്നായിരുന്നിരിക്കണം .

നേര്‍ത്ത തലോടലിനെങ്കിലും
ചേര്‍ത്ത്പിടിക്കുന്ന കൈത്തലത്തിന്‍റെ
ചെറു ചൂട് മോഹിച്ചവര്‍ക്ക്
രേഖകള്‍ പാതിമുറിഞ്ഞ വഴികള്‍ തീര്‍ത്തത്
നിസ്സഹായതയുടെ
ആഴങ്ങള്‍ തന്നെയാകും .
താളാത്മകമായ
നിദ്രാസ്വനങ്ങളുടെ കയറ്റിറക്കങ്ങളില്‍
വികാരശില്പങ്ങള്‍
വാപൊത്തിച്ചിരിച്ചത്
നിര്‍നിമേഷം അവര്‍ കിതച്ചു നോക്കുന്നു .

തളര്‍ന്ന സ്വപ്നങ്ങളില്‍
ചിറകുകളുടെ
നുറുമ്പിച്ച എല്ലിന്‍ കഷ്ണങ്ങളും
പൊഴിഞ്ഞ തൂവലുകളുടെ നിഴല്‍പ്പാടുകളുമുള്ള
മോഹപ്പലകയുടെ
ആരും കാണാക്കോണിലെ മെഴുകുവരകളില്‍
അദൃശ്യമായ
നക്ഷത്രത്തിളക്കങ്ങള്‍ ഉണ്ടായിരുന്നു .

ചിറകെട്ടിയ  സ്വാതന്ത്ര്യത്തിന്‍റെ ഓളപരപ്പില്‍
പൊങ്ങിക്കിടന്നു ആകാശം നോക്കി ,
ഇറുത്തെടുത്ത വര്‍ണ്ണച്ചിറകുകളും
വാരിയെടുത്ത മഴവില്ലും
വലുച്ചടുപ്പിച്ചകാര്‍മേഘത്തുണ്ടും
മഴയുടെ താളവും വെയിലിന്‍റെ നാട്യങ്ങളും
വസന്തസൂര്യനും
രാവിന്‍റെ വനഗന്ധ ശല്ക്കങ്ങളും
കുടഞ്ഞുവിതറി അവര്‍ തീര്‍ത്തത്
മോഹങ്ങളുടെ മണിയറയായിരുന്നുവെന്ന്
രാത്രിയുടെ കുന്നിന്‍ചെരുവില്‍ വിശ്രമിക്കുന്ന
നിലാവിന്‍റെ മൂളലില്‍ നിന്നാണ്
ഞാനറിഞ്ഞത് .

തേന്‍തുള്ളികളുടെ ,
മധുരനോവുകള്‍ കൊണ്ട് ഒട്ടിച്ചുചേര്‍ത്ത
ശലഭച്ചിറകുകളുടെ ചിത്രപ്പണികള്‍ തൂക്കിയിട്ട
കളിവീടിന്‍റെ പത്തായച്ചുവരില്‍
ഗര്‍ഭം പേറിയ നെല്ലിന്‍ മണവും
ചക്കരമാങ്ങകള്‍ പൊഴിയുന്ന
കുട്ടിക്കാലത്തിന്‍റെ വയ്ക്കോല്‍മണവും
അവര്‍ അപ്പോഴും ചേര്‍ത്ത് വച്ചിരുന്നു .

സിന്ദൂര രേഖയില്‍ വിയര്‍പ്പുപടര്‍ന്ന ,
കിനാവള്ളികള്‍ മുറിഞ്ഞുലയുന്നവരുടെ
കണ്ണീര്‍പ്പാടങ്ങില്‍
തണലേകുവാന്‍
ചെരിഞ്ഞ ചുവടുകളും
കാഴ്ചകളില്‍ ,
ഇരുദിശകളുടെ ധാരാളിത്തവുമായി
ഞണ്ടുകളുടെ ഒറ്റപ്പെട്ട കൂട്ടങ്ങള്‍
മാളങ്ങളില്‍ നിന്നെത്തി നോക്കുന്നു .
വരമ്പിറക്കങ്ങളുടെ വഴുതലില്‍ ,
ഈറന്‍ മണലിന്‍റെ സ്വകാര്യതയില്‍
സൂര്യസ്നാനം നടത്തുവാനിറങ്ങുന്നവര്‍ .

മരുപ്പച്ചയുടെ ദൂരക്കാഴ്ചയില്‍
പീലിവിടര്‍ത്തി തുടിച്ച മനസ്സിന്‍ ദാഹങ്ങള്‍ .
അകലുന്ന നിഴല്‍ച്ഛായിലേയ്ക്ക്
ഇഴഞ്ഞു തളര്‍ന്ന്
വരണ്ട നിശ്വാസങ്ങളുടെ ച്ചുഴിപ്പാടുകളില്‍
ഉഴറിവീണു .

തിരിഞ്ഞു നോക്കിയ കാഴ്ചയുടെ അറ്റത്ത്
കൈ നീട്ടി നില്‍ക്കുന്ന
നിഷ്കളങ്കതയുടെ പുഞ്ചിരിവസന്തത്തില്‍
കണ്ണുകള്‍ ഈറനണിഞ്ഞിഞ്ഞപ്പോള്‍
തിളങ്ങിച്ചിരിച്ചത്‌
ഒരു കുഞ്ഞുമഴവില്ലായിരുന്നു .

കുഞ്ഞു വിരലുകളുടെ മൃദുലതയില്‍
സ്നേഹത്തിന്‍റെ നാഡീസ്പന്ദനങ്ങള്‍
വിരുന്നുകാരായപ്പോഴാണ്
ചിത്രച്ചുവരുകള്‍ക്ക് ജീവന്‍വച്ച് തുടങ്ങിയത് .

വസന്തത്തില്‍ നിന്നും ഒരില തളിര്‍ത്തതും
പ്രണയത്തിന് മുഖം കൊടുത്തതും
കണ്ണ്ചിമ്മിത്തുറന്ന ഏതോ ഇടവേളയിലത്രേ .
_________________________________________________