10.24.2012

ഹൈക്കു

"വിശുദ്ധ സുഗന്ധങ്ങള്‍
ദൂതുപോകുന്നീ അള്‍ത്താരയില്‍ ,
സങ്കീര്‍ത്തനങ്ങളോടെ ഇണപ്പ്രാക്കളും ."


"ഇന്നൊരു കിളിയൊച്ച
പ്രഭാതത്തിലെയ്ക്കെനിക്കു
വാതില്‍ തുറന്നു . "

"സിരകള്‍ ദ്രവിച്ച വസന്തം ,
കൂടൊഴിഞ്ഞ പക്ഷിയുടെ
കൂട്ടിലൊരു തൂവല്‍ ."

"മഞ്ഞു മൂടുന്നു സിരകളില്‍
വസന്തമിനി ഉറങ്ങട്ടെ ,
ഋതുക്കള്‍ക്കു സ്വന്തമീ കാറ്റുമാത്രം ."

ചില്ലകളില്‍ സൂര്യന്‍റെ
കയ്യൊപ്പുകള്‍ മാത്രമിനി ."

"മഞ്ഞണിഞ്ഞ കല്ലറ
ഓര്‍മ്മകളുടെ കുപ്പിയിലെയ്ക്ക്
കണ്ണീരു ശേഖരിക്കുന്നൊരുവന്‍ ."

"ചോളമണമുള്ള
തെരുവിന്‍റെ മാറില്‍ ,
സൂര്യനൊരു അടുപ്പിലെരിയുന്നു ."

"സൂര്യാംശുവിന്‍
തിരയിളക്കങ്ങളിലേയ്ക്ക്
തോണി തുഴയുന്നു ചിറകുകള്‍ ."

"പൊടിമണ്ണിലേയ്ക്ക്‌
വേരിറക്കുന്നു
മഴ ."

"മരവിരലുകള്‍
അലിയുന്നീ മൂടല്‍മഞ്ഞില്‍ ,
കാറ്റൊരു ശിശിരം കോരി നിറയ്ക്കുന്നു ."

"ഈ പൂക്കളെ 
ഞാനേതു ലിപികളില്‍ പകര്‍ത്തും ,
ശലഭഭാഷ എനിക്കന്യമാണല്ലോ !"


"കര്‍പ്പൂര മണമലിയും 
സിന്ദൂരസന്ധ്യയില്‍ 
തുളസീ ദളങ്ങള്‍ക്കും ധ്യാനഭാവം ."

"കണ്ണാംതളി പൂക്കുന്നു 
ശലഭമഴപോല്‍ നിറയുന്നു വര്‍ണ്ണങ്ങള്‍ ,
ഞാനുമൊരു ശലഭമാകുന്നു ."

"നീര്‍മാതളപ്പൂക്കള്‍ കുളിരുന്ന രാവില്‍ 
നിദ്രയൊരു കുരുവിക്കൂടായ്‌ 
മാറുന്നു പതിയെ ."