10.10.2012

ഹൈക്കു
"നിശബ്ദമായ ചരമഗീതം 
പുകഞ്ഞെരിയുന്ന ചന്ദനത്തിരിക്കിപ്പോള്‍ 
പുരോഹിതഭാവം.""പുല്‍ത്തണുപ്പില്‍ വിരല്‍ത്തൊടവേ
സ്വകാര്യം മുറിഞ്ഞോരു-
റുംമ്പിന്‍ കൂട്ടം .""സൂര്യനെയും മറയ്ക്കുന്നു ഇന്നീ 
പകല്‍ക്കിനാവിന്‍ 
ചുംബനം."


"കടലൊരു തളിക മിനുക്കിയെടുക്കുന്നു 
നിഴലുകളില്‍ നിന്നും തിരിച്ചുപറക്കുന്നു 
രൂപങ്ങള്‍ ."


"തിരകള്‍ കലമ്പുന്നു 
കാഴ്ചയുടെ ഓളങ്ങളിലിപ്പോള്‍ 
ശാന്തമായ കടല്‍ക്കാറ്റു മാത്രം ."


"തിരശ്ശീലയുടെ വാചാലതയില്‍ 
മൌനം കൊറിക്കുന്നു 
കാഴ്ചയുടെ വിരുന്നുകാര്‍ ."


"മഴക്കതിരുകള്‍ 
കൊയ്തുവരുന്നുണ്ട് ,
ഇളം ചൂടുമായൊരരിവാള്‍ ."


"മുളകീറും പോല്‍ 
ഒരു പക്ഷികരയുന്നു ,
മഞ്ഞുകാലമതിനെ നോവിക്കുന്നുണ്ടാകാം ."


"വസന്തത്തിലും
വേനല്‍ നിറയ്ക്കുന്നു രോഗശയ്യ 
ചിന്തകളില്‍ വെയില്‍പ്പൂക്കുന്നു ."


"ഇതള്‍ വിരിയുന്ന
യാമങ്ങളിലേയ്ക്കിറ്റുവീഴുന്നു
വെയില്‍ത്തുള്ളികള്‍ ."


"തണുപ്പില്‍
ഭാഷയെന്തോ കുറിക്കുന്നു
വിടപറയാന്‍ മടിച്ച നിശ്വാസങ്ങള്‍ ."


"മൌനമൊരു സമുദ്രം കടയുന്നു
നിഴലുകളില്‍ നിന്നും പറന്നിറങ്ങുന്നത് ,
ഒറ്റച്ചിറകുള്ള വ്യാളീരൂപങ്ങള്‍ ."


"കളിമണ്ണ് മണക്കുന്ന കൈകളിലും
പെണ്‍ചന്തം കൂട്ടിക്കലമ്പുന്നു ,
കുപ്പിവളകള്‍ .""ഉരുകിയലിയുന്നു ചന്ദ്രബിംബം
കുന്നിന്‍ മുകളില്‍ മൌനിയായൊരു ,
ബുദ്ധക്ഷേത്രം ."


"വിശപ്പ്‌ കോര്‍ത്ത
ദൈന്യത പതിഞ്ഞെന്‍ ,
കാഴ്ച്ചപോലും വിളര്‍ത്തുപോയി ."


"പകലിലെയ്ക്ക് 
ഒലിച്ചിറങ്ങുന്നു നിഴലുകള്‍ 
നിലാവുപോലും കറുത്തു പോയി ."