9.23.2012

ജീരകമിട്ടായികള്‍ __________________

ചിന്തകള്‍ക്ക് നാവു മുളച്ചപ്പോഴാണു 
ഞാനവയെ 
അക്ഷരങ്ങള്‍ക്കൊണ്ട് കെട്ടിയിട്ടു തുടങ്ങിയത്.
ചിറകു കിളിര്‍ത്ത അക്ഷരങ്ങളില്‍ 
നിറമുള്ള തൂവലുകള്‍ തൊട്ടുവച്ച് ,
നിലാവില്‍ വിരിഞ്ഞ പൂക്കളുടെ 
ഗന്ധം മുത്തിയെടുത്ത് , 
കാറ്റ് പൊഴിഞ്ഞു വീണത്‌ ,
ഭാവനയുടെ 
ജാലക വിടവിലേയ്ക്കായിരുന്നു .

ഇടുങ്ങിയ ഇടവഴികളില്‍ 

വേലിമുള്ളുകളെ പ്രണയിച്ച 
ഈരോലിച്ചെടികളും ,
വയലറ്റ് പൂക്കളുടെ കാവല്‍ക്കാരും ,
എനിക്ക് നീട്ടിയത് 
കുഞ്ഞു പിഞ്ഞാണത്തിലെ 
നിറമുള്ള ജീരക മിട്ടായികളായിരുന്നു .
അങ്ങനെയാണ് ഞാന്‍ 
ആകാശങ്ങള്‍ നെയ്തു തുടങ്ങിയതും ,
അതില്‍ 
ജീരകമിട്ടായികള്‍ ഒട്ടിച്ചു ചേര്‍ത്തതും .

നൊട്ടി നുണഞ്ഞ മധുരങ്ങള്‍ക്കിടയില്‍ 

ജീരക മണികളുടെചവര്‍പ്പ് രസം 
ഇടയ്ക്കൊക്കെ 
എന്നെ കളിയാക്കിയിരുന്നു .
തിരിച്ചറിവിന്‍റെ തുഴകളുമായി 
ഞാന്‍ തുഴഞ്ഞതു 
അറ്റമില്ലാത്ത അറിവുകളുടെ 
കുഞ്ഞു പൊയ്കയില്‍ മാത്രമായിരുന്നെന്ന്
വെള്ളിച്ചരടില്‍ കോര്‍ത്ത മരീചികകളുടെ 
കളിപ്പാവകള്‍ മന്ത്രിച്ചപ്പോഴാണ്
ഒരു തളിരില പെട്ടെന്ന് 
മഞ്ഞിച്ചു പോയത് .

മുളയ്ക്കാന്‍ തുടങ്ങിയ വിത്തുകള്‍ 

പുറം കവചം ഊറിയെറിഞ്ഞു 
ചിമ്മി നോക്കിയത് 
പുതിയ ആകാശത്തിന്‍റെ
വെള്ളിവെളിച്ചത്തിലെയ്ക്കായിരുന്നു .
അപ്പോഴേക്കും
കാര്‍മേഘങ്ങള്‍ 
ഇലകളായ്‌ പൊഴിയുന്ന കടവിലേയ്ക്ക് 
കടലാസു വഞ്ചികള്‍ നിറയെ 
ജീരക മിട്ടായികളുമായി
ഒരു മയില്‍പ്പീലി യാത്ര തുടങ്ങിയിരുന്നു .

കവിതകളുടെ തുണ്ടുകള്‍ 

മഴക്കുഞ്ഞുങ്ങള്‍ക്കൊപ്പം
ആ വഞ്ചികളോട് ചേര്‍ന്ന് 
ഒഴുകാന്‍ തുടങ്ങിയത്
വസന്തത്തിന്‍റെ വേലിപ്പടര്‍പ്പുകളി-
ലേയ്ക്കായിരുന്നെന്ന് 
ജീരക മിട്ടായികള്‍ അപ്പോഴും
അറിഞ്ഞിരുന്നില്ല .
__________________________________