Labels

9.23.2012

ഒരേ മുഖം *******************************


മഴവില്ലിനും മഴത്തുമ്പികള്‍ക്കും 
ഒരേ മുഖമായിരുന്നു .
പനിച്ച നെറ്റിയിലെ ഈറനെ
പ്രാപിക്കുന്ന ചുടുശ്വാസം 
കെട്ടകനവുകളുടെ നീര്‍പ്പോളകളെ 
വളര്‍ത്തുന്നുണ്ടെന്ന് 
എന്‍റെ ചിന്തകള്‍ എപ്പോഴാണ് 
പറഞ്ഞു തന്നത് ,
നിമിഷങ്ങളുടെ ചക്രങ്ങളില്‍ 
നീണ്ടുരുണ്ട് വളഞ്ഞു കുനിഞ്ഞ്
കാലം ഒരഭ്യാസിയാകുകയാണ് .
അപ്പോഴെല്ലാം 
മഴത്തുമ്പികളുടെ ഇഴച്ചിലില്‍
ഒരു പനിച്ചൂടുണ്ടെന്നു
ഞാനറിഞ്ഞിരുന്നു .
മതിവരുവോളം 
മഴയെ പ്രണയിക്കുവാനാകാത്ത 
ചിറകുകളുടെ പഴുതുകള്‍ 
ഒരടയാളമായി 
ആരും കാണാതെ 
വെളുത്ത ചോരയില്‍ മൌനിയായി 
മറഞ്ഞപ്പോഴെല്ലാം ,
എനിക്ക് ചുറ്റും മനുഷ്യത്തുമ്പികള്‍ 
വേഗത്തില്‍ 
ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു .
പാതി മുറിഞ്ഞലിഞ്ഞ നിറങ്ങളും 
പറന്നു കൊതിതീരാത്ത ചിറകുകളും
എന്‍റെ പകല്‍ക്കിനാവുകളില്‍ 
സ്ഥാനം പിടിച്ചപ്പോഴാണ് 
ഞാനവയെ ഓമനിക്കാന്‍ തുടങ്ങിയത് .
അപ്പോഴൊക്കെ
മഴവില്ലിനും മഴത്തുമ്പികള്‍ക്കും 
ഒരേ മുഖമായിരുന്നു .
*************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "