9.23.2012

പ്രണയച്ചിറകുകള്‍ __________________


നമ്മുടെ  പ്രണയത്തിന്
ആകാശത്തിന്‍റെ നിറമാണ്, പ്രകൃതിയുടെ ഗന്ധമാണ് .
ചെറു മന്ദഹാസങ്ങളുടെ വിരല്‍പ്പാടുകളും,
നോവിന്‍റെ പാഴ്ച്ചെടികളും, ഏകാന്തതയുടെ മുള്‍പ്പടര്‍പ്പും, ശൂന്യതയുടെ ഇരപിടിയന്‍ ചിലന്തികളും, നിശ്വാസത്തിന്‍റെ ചിറകൊച്ചക ളുമുള്ള തുരുത്തുകളുടെ ജലസന്ധി പോലയീ പ്രണയം.
ഈ ശ്വാസത്തെ ഞാന്‍ പ്രണയിക്കുന്നു.
മണ്ണിന്‍റെ വിയര്‍പ്പും ഇലകളുടെ തണുപ്പും, നിറങ്ങളുടെ മൌനവും ഞാന്‍ ആസ്വദിക്കുന്നു.
കണ്ണുകള്‍ ഒപ്പിയെടുക്കുന്ന ,
ചിന്തകളിലും കനവുകളിലും പടര്‍ന്നു പരക്കുന്ന പ്രകൃതിയുടെ വര്‍ണ്ണത്തൂവാലയിലെ മഷിക്കൂട്ടുകള്‍
എന്നുമെന്നെ മോഹിപ്പിച്ചിരുന്നു.
എന്നും എനിക്കസൂയയാണ് പ്രകൃതിയോടും അതിന്‍റെ ശ്വാസത്തിനോടും. പ്രകൃതിയെപ്പോലെ പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു ,
ചിപ്പിക്കുള്ളില്‍ മണല്‍ത്തരി പകരുന്ന നോവിനോടും എനിക്ക് പ്രണയം തന്നെ.
പറഞ്ഞാല്‍ തീരാത്ത കാഴ്ച്ചകളായി എന്നും പ്രണയം എന്നോട് കഥകള്‍ പറഞ്ഞു കൊണ്ടെയിരിക്കുന്നു .
ചുടലയുടെ വേരുകള്‍ പ്രണയത്തിന്‍റെ ആഴമളക്കുന്ന നാളുകള്‍ വരും.അന്ന് ആകാശത്തിനും ഭൂമിക്കുമിടയില്‍ മെഴുതിരി വെട്ടങ്ങളും പുകച്ചുരുളുകളും ചേര്‍ന്ന് ഒരു ചരമഗീതം പാടുന്നുണ്ടായിരിക്കും .
കാഴ്ചകളുടെ കിണറ്റിന്‍ വക്കത്ത് അപ്പോഴും ഞാന്‍ കോരി കുമ്പിളിലെടുത്ത വെള്ളത്തുള്ളികള്‍ മണ്ണിനെ പ്രണയിച്ചു തുടങ്ങിയിരിക്കും .
കണ്ണാടിയിലെഴുതിയ അക്ഷരങ്ങള്‍ പോലെ പ്രണയവും നമ്മെത്തന്നെ നോക്കി കൊണ്ടിരിക്കുന്നു .
____________________________________________________________