9.07.2012

ഞാനൊന്ന് പറയട്ടെ ____________

മേഘങ്ങളുടെ അറ്റത്ത്
മഴവില്ലിന്‍റെ ഇടവഴിയില്‍
തൂങ്ങിയാടുന്നുണ്ട് 
ഒരു സ്വപ്നം .
നേര്‍ത്ത മഞ്ഞുമാലയില്‍ കൊരുത്ത
ഒരു നിമിഷം
നിന്‍റെ സ്വപ്നങ്ങള്‍ക്ക്
കാവല്‍ നില്‍ക്കുന്നുണ്ട് .

കാഴ്ചകളുടെ ആഴങ്ങളില്‍
നിശ്വാസത്തിന്‍റെ കയറ്റിറക്കങ്ങളില്‍
മിന്നിനീങ്ങുന്നത്
ആത്മാവില്ലാത്ത നിറങ്ങളുടെ
ചിപ്പികളായിരിക്കും ,
പ്രതീക്ഷകളുടെ യൌവ്വനം
ആര്‍പ്പുവിളിക്കുന്നത് പലപ്പോഴും
നഷ്ട്ടങ്ങളുടെ
പെരുവഴിവാതില്‍ക്കല്‍
വച്ചായിരുന്നെന്നു
ഇടയ്ക്കെപ്പോളോ നീയറിഞ്ഞതല്ലേ .
എന്നിട്ടും
സ്വപ്നങ്ങളുടെ
കണ്ണാടിച്ചീളുകള്‍ പിടയ്ക്കുന്ന
ആറ്റിന്‍തീരത്ത്‌
നിരയായ്‌ നീ ഊറ്റിയെടുത്തത്
പച്ചപ്പിന്‍റെ കണ്ണീരായിരുന്നു .
നിമിഷ സുഖങ്ങളില്‍
നീ വിറ്റുതുലച്ചത്
മനസ്സാക്ഷിയുടെ ഓടാമ്പലായിരുന്നു .

കടലിന്‍റെ
തടവറയില്‍ നിന്ന്
കര്‍മ്മം ചെയ്യുവാന്‍ പുനര്‍ജ്ജനിക്കുന്ന
വട്ടപ്പൊട്ട് നീ കാണുന്നുണ്ടോ ..?
അഗ്നിയുടെ തിരകയിളക്കങ്ങളിലും
ചിരിക്കുന്ന ആ പുലരിയെ
നീ നോക്കാറുണ്ടോ ,
വിതയെറിഞ്ഞു വിളവുതന്ന്‍
കടല്‍ച്ചിരാതില്‍
തിരിയായ്‌ ചേരുമ്പോള്‍
അഭിമാനിക്കുന്ന നിശ്വാസമുതിര്‍ത്തു
ആ രൂപം വിശ്രമിക്കുന്നത് ,
നിന്‍റെ കാഴ്ചയുടെ കറുത്തഗോളം
നിന്നെ അറിയിക്കുന്നുണ്ടോ ..?
ഓടിപ്പായുന്ന സമയസൂചികളെ
കടിഞ്ഞാണില്‍ കുതിരയാക്കുവാന്‍
നീയമര്‍ത്തുമ്പോള്‍
പച്ചപ്പിന്‍റെ ചിത്രങ്ങളില്‍
ഇരുട്ടിന്‍റെ വിരലുകള്‍
സുഷിരം തീര്‍ക്കുകയായിരിക്കും .

ഇനിയും പിറക്കാത്ത
ഒരു മഴവിത്ത്
മാനം കാണാതെ ,
ഓര്‍മ്മകളുടെ ഒരുപിടി ചാരത്തില്‍
ബ്രഹ്മചര്യം നോറ്റിരിക്കുന്നുണ്ട് ,
പിറവിയുടെ നോവുകൊടുത്തൊരുവന്‍
സ്വാതന്ത്ര്യത്തിന്‍റെ
മാറാലക്കൂടിനുള്ളിലെയ്ക്കാണ് 
വഴുതിയിറങ്ങുന്നത് .
മോഹങ്ങളുടെ കുതിരവണ്ടിയില്‍
ഒരു കൂട്ടം അട്ടകള്‍
വിടര്‍ന്ന കണ്ണുകളുമായി
യാത്രയിലത്രേ .

സഞ്ചാരിയുടെ പാദങ്ങളില്‍ പറ്റിയിരുന്ന്‍
കാഴ്ച കാണാനിറങ്ങിയ
പൊടിത്തൂളലുകള്‍
നേര്‍ക്കാഴ്ചകളുടെ മൂര്‍ച്ചയേറ്റ്
ഒരു കോപ്പ വെള്ളത്തില്‍ 
കുമ്പസാരിക്കുന്നു .
എന്നിട്ടും .....
സ്വാര്‍ഥതയുടെ പുറംകുപ്പായമിട്ട്
ഒളിച്ചോടിയ
പൊടിയുടെ സന്തതികളിപ്പോഴും
നിന്‍റെ കണ്ണുകളില്‍
കണ്ണാരംപ്പൊത്തി കളിക്കുന്നുണ്ടെന്നു
ഞാനൊന്ന്
ഉറക്കെപ്പറയട്ടെ .
____________________________________