9.06.2012

ഹൈക്കുസ്

"ഇരുളൊരു 
മഴുവെറിയുന്നു 
പകലതേറ്റു മരിക്കുന്നു ."


"പകലിലേയ്ക്കൊരു 
മഷിക്കുപ്പി 
മറിയുന്നു ."


"പെയ്തൊഴിഞ്ഞ ഇലമിഴികള്‍ 

ആകാശം അന്യമായ 
ഒരന്ധശാഖി ."

"ഇറ്റിയ നീരില്‍ 

അവളുടെ മിഴികള്‍ കണ്ടെടുത്തത് 
സ്വാതന്ത്ര്യം .""പകലിന്‍റെ തീരത്ത്‌ 

കിളിയൊച്ചകള്‍ അകലുമ്പോള്‍ 
കടവടുക്കുന്നുഒരു സന്ധ്യ ."

"കടല്‍ച്ചിരാതില്‍ തിരിതാഴുമ്പോള്‍,
നിഴലുകളില്‍ ഒരുപുറം മാത്രമായ
ചിത്രങ്ങള്‍.""" .""''


"മേഘങ്ങള്‍ കീറിയ 
നിലാവില്‍ മുറിവേറ്റ് 
ഒരു മുയല്‍ക്കുഞ്ഞും ."
ഇലകളില്‍ പുളയുന്നു
ഉടഞ്ഞു ചിതറിയ
നിലാച്ചീളുകള്‍ .

**********************
വെയില്‍ക്കതിര്‍ പാടം
കൊയ്തെടുക്കുന്നു
ഇരുള്‍വിരലുകള്‍ .
************************
മുളംകാട്ടില്‍
ഉടല്‍ മുറിഞ്ഞൊരു
കാറ്റിന്‍റെ സീല്‍ക്കാരം .
*************************

"ഇരുളിന്‍റെ ബന്ധനത്തില്‍ നിന്നും 

പച്ചപ്പിന്‍റെ ആത്മാവിലെയ്ക്കു
ഒരു മിഴിപാറുന്നു ".

കണ്‍പീലികളില്‍ 

കണ്ണാരം പൊത്തിക്കളിക്കുന്നു 
രാവും പകലും .
**************************************


"ഗോതമ്പുമണികള്‍ വിരിച്ചിട്ട പോല്‍ 

ഉണങ്ങിയ പുല്ലുകളില്‍ 
ഒരു വേനല്‍ സ്പര്‍ശം ."
ഒരു പുലരി തെന്നിവീഴുന്നു 
തടാകം അതിനെ 
കുളിപ്പിക്കുന്നു .
***************************************
ഇലകളില്‍ 
നിലാത്തുള്ളികള്‍ ,
ദൂരെത്തായ് ഒരമ്മ പാടുന്നു .
****************************************
മറുപുറമില്ലാത്തൊരു വാക്ക്‌ 
നിലാവ് കാണാനിറങ്ങി ,
കവിതയെ ഗര്‍ഭംധരിച്ച് തിരികെ നടന്നു .
************************************
രാവില്‍ 
പിണഞ്ഞു പുണര്‍ന്ന്,
വള്ളിച്ചെടികളും നിഴലുകളും .
***********************************
എന്നെ 
ആശ്ലേഷിച്ചു കുന്നിറങ്ങുന്നു 
തിടുക്കത്തിലൊരു കാറ്റ് .
************************************
ചെമ്പട്ടണിഞ്ഞൊരുവള്‍ 
മഞ്ഞുതുള്ളികളടര്‍ത്തുന്നു 
ഒരു പൂവ്‌ കരയുന്നു .
***********************************