Labels

9.06.2012

ഹൈക്കു

"പാതിവിടര്‍ന്ന
ചെറിപ്പൂക്കളില്‍  മന്ദഹസിക്കുന്നു ,
ധ്യാനമിരുന്ന വസന്തം ."















ഒരു കെട്ടു വിറകില്‍
സൂര്യനെയും ചുമന്നു വരുന്നു ,
ആലസ്യത്തോടൊരുവള്‍ .
*******************************
ഞാവല്‍പ്പഴങ്ങള്‍ അടര്‍ന്നു വീഴുമ്പോള്‍ 
മരത്തില്‍ നിന്നും മണ്ണിലേയ്ക്ക് 
ഒരു തുളവീണുതൂരുന്നു .
*********************************
കാറ്റിന്‍റെ ചിത്രത്തട്ടിലായ്‌
ചിതറിയച്ചായക്കൂട്ടുകള്‍ പോല്‍
ശലഭവര്‍ണ്ണങ്ങള്‍ .
*********************************
പുലര്‍സൂര്യനെ അരിച്ചെടുത്ത്
ഭൂമിക്ക് സമ്മാനിക്കുന്നു
മരമുത്തശ്ശന്‍ .
*********************************
മണ്ണിന്‍റെ ഉടുവസ്ത്രത്തില്‍ നിന്നും
നഗ്നരായ്‌ ആകാശം കാണുന്നു
വേരുകള്‍ .
**********************************
മെലിഞ്ഞ നിഴലുകളില്‍
നിറമില്ലാത്തവരായി
മരങ്ങളും മനുഷ്യരും .
**********************************
മൌനം ഉഴുതുമറിച്ച്
ഓര്‍മ്മയുടെ വിത്തുകള്‍
വിളയിറക്കുന്നു .
***********************************
ചുടുകാറ്റടിക്കുമ്പോള്‍
അരളിപ്പൂക്കള്‍ ,
വിറകൊള്ളുന്നൂ.
***********************************
ഗിരിമുനകള്‍ കവച്ചുവച്ച്
പുല്‍മേടുകള്‍ക്കു മീതെപ്പതുങ്ങിയലയുന്നു
മഴമേഘങ്ങള്‍ .
************************************
രാവിന്‍
മേനിയിലേയ്ക്കീര്‍ച്ചവാളായി
പകല്‍ .
************************************
ഇന്നെന്‍റെ ഓര്‍മ്മകളില്‍ പൂക്കളമിടുന്നത്
തുമ്പപ്പൂക്കളുടെ ചിരിത്തുണ്ടും
മുക്കുറ്റിയുടെ നാണവും .
************************************
രാവിന്‍റെ നിശബ്ദതയില്‍
കല്ലിച്ചു കിടക്കുന്നു
ഒരു ചെറു തടാകം
************************************
പ്രഭാതത്തിന്‍റെ
മൌനത്തിലാഴ്ന്നിറങ്ങുന്നതു ,
എന്‍റെ കണ്ണുകളുടെ വാചാലത .
*************************************
കൈകൂപ്പിയ
കൂമ്പിലകളില്‍
മേഘമിറ്റുവീഴുന്നു .
************************************
പനിനീര്‍പ്പൂമുള്ള് 
കൈത്തണ്ടയില്‍ സമ്മാനിച്ചത്
ചുവന്ന റോസാദളം .
************************************
കൈത്തണ്ടയില്‍
ചുവന്ന റോസാദളം സമ്മാനിച്ച്
പനിനീര്‍പ്പൂമുള്ളുകള്‍ .
*************************************
വയല്‍ ഞണ്ടുകളെ ചകിതരാക്കി 
പിച്ചനടക്കുന്നു
ഒരൂന്നുവടി .
*************************************
മണ്ടൂക
മന്ത്രങ്ങളിലേയ്ക്ക്‌ ,
മഴപ്പൂക്കളടരുന്നു .
*************************************
ഇരുള്‍ക്കൂട്ടില്‍
കീറുവെളിച്ചത്തിന്‍
അധിനിവേശം .
**************************************
ഇണയെ
പ്പുല്കാനൊരു
കാറ്റിന്‍ കരതലമായുന്നു .
**************************************
തീയുടെ വിശപ്പിലേയ്ക്കു
നിസ്സഹായതയുടെ കനല്‍ത്തുണ്ടുകളായ്
പതുങ്ങുന്നു കാട് .
**************************************
ഇരുളുടുപ്പൂരി
വെയില്‍ വിളക്കെന്തുന്നു
പുലരിപ്പെണ്ണ്‍ .
**************************************
ഒരു പനിനീര്‍പ്പൂവിന്‍റെ
അവസാന ഇതളില്‍
വല നെയ്യുന്നു ഒരു ചിലന്തി .
***************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "