9.30.2012

ബ്രാന്‍റെഡ്നിസ്സഹായതയുടെ പനിച്ചൂടിലേയ്ക്ക്‌
ഒരിറക്ക് ചുടുചായ മൊത്തി
കൂനിയിരിക്കുന്നു എന്‍റെ ചിന്തകള്‍ .
കാഴ്ചയുടെ ഖനികള്‍ പകര്‍ന്ന
കരിയെറ്റ വൈകൃത രൂപങ്ങളില്‍ നിന്നും
എനിക്കിനി കണ്ണ് തിരിക്കണം .
എന്റെ സ്വപ്നമല്ല
വിറങ്ങലിച്ചു തെരുവില്‍ മയങ്ങുന്നത് .
പരിചിത മുഖങ്ങളല്ല
ആര്‍ത്തലക്കുന്ന ദുഃഖം ഒഴുക്കുന്നത്.
ഉറങ്ങാനെനിക്ക്
സ്വാര്‍ഥതയുടെ ഒഴിഞ്ഞ ചില്ലുകൂടുണ്ട്.
അതില്‍ കൈതാങ്ങും സ്വപ്നങ്ങളും
എന്‍റെത് മാത്രം,അത് മതിയെനിക്ക്...!

ഞാനൊന്നു കണ്ണടക്കട്ടെ
ചവര്‍ക്കുന്ന കാഴ്ചകളുടെ
ചിത്രപ്രദര്ശനങ്ങള്‍ക്ക് നേരെ.
കാഴ്ചകള്‍ കോര്‍ത്ത
ദിനങ്ങളുടെ വിള്ളലുകളില്‍
സ്വസ്ഥമായ് വിഹരിക്കുവാന്‍
എനിക്കെന്‍റെതായ ലോകമുണ്ട് ,
അവിടെ എനിക്ക് പ്രിയപ്പെട്ടവയും.

എന്നിലേയ്ക്ക് മാത്രം ചുരുണ്ടുകൂടുന്ന
ലോകമേ
ഒന്നുകൂടി അള്ളിപ്പിടിച്ചിരിക്കട്ടെ
ഞാന്‍ നിന്നിലെയ്ക്ക്.
സ്വാര്‍ത്ഥമന്ത്രങ്ങള്‍ ഉരുവിടുവാന്‍
ഇനിയും, വൈകിക്കൂടാ...
ചത്ത്‌മലച്ച ദൈവീക ഭാവങ്ങളുടെ
പുകമറയില്‍ നിന്നും
ഒരുയിര്‍ത്തെഴുന്നെല്‍പ്പ്‌
മരവിച്ച ഭാവങ്ങളില്‍
നിറം പൂശിയെടുക്കെണ്ടതുണ്ട്.
സമയമില്ല ,......
ഞാനെന്ന ബോധ്യം പച്ചകുത്തിയ
ഹൃദയ സ്പന്ദനങ്ങളെ
ഏതു ബ്രാന്‍ഡില്‍ തളച്ചിടണമെന്ന്
നറുക്കിടെണ്ടതുണ്ട്.
_________________________________