Labels

7.12.2012

മഷിത്തൂവല്‍ എഴുതിയത്____________



ചരിത്രത്തിന്‍റെ
താളുകള്‍ തേടി 
ഇന്നലെകളെയും ഇന്നിനെയും 
 പെറുക്കിയെടുത്ത്
നാളെകളിലേക്ക് എത്തിനോക്കി 
ഒരു മഷിത്തൂവല്‍ 
തപ്പിത്തടഞ്ഞ് വരുന്നുണ്ട്.

സത്യത്തിന്‍റെ ജാലകപ്പഴുതുകള്‍ 
തിരുകി അടച്ചോളൂ,
ചായം തേച്ച 
പാതിനുണകള്‍ വാരിപ്പെറുക്കി 
ആ തൂവല്‍ 
കടന്നു പൊയ്ക്കോളും. 

ജീവന്‍റെ 
ഒരു തളിര്‍ വിടരുന്നത് 
അല്പായുസ്സിലെക്കെന്നു 
 കണ്ണടച്ച് ധ്യാനിച്ചേക്കൂ,
കണ്ണുതുറന്ന് മനസ്സാക്ഷിയെ 
നഗ്നമാക്കേണ്ടതല്ലേ?

എന്റെ അകത്തളങ്ങളില്‍ 
വിലാപമുതിര്‍ത്തു 
ഒരു കനല്‍ 
തേങ്ങലവശേഷിപ്പിക്കുന്നത് 
ഒരിറ്റു ലഹരിയില്‍ 
തളിച്ചണയ്ക്കണം.

പകല്‍ വെളിച്ചത്തിലും
അന്ധമായ 
മനസ്സില്‍ നിന്നും 
നേര്‍ക്കാഴച്ചകള്‍ 
പുലമ്പിക്കൊണ്ട് 
പടിയിറങ്ങുന്നുണ്ട്.

ശവക്കോടിയണിഞ്ഞു 
സ്തോത്രഗീതം പാടിയാര്‍ക്കുന്ന 
തെരുവുകളില്‍ 
വേവുമണം 
ചോരച്ചുവപ്പുമായ്‌ 
പകിടയുരുട്ടുന്നത് 
എത്ര കാലം നീ ആസ്വദിക്കും.

ഈ ചിത്രകഥകളെല്ലാം
മിന്നിപ്പകര്‍ത്തുന്നത്  
ജീവനില്ലാത്ത കണ്ണുകള്‍ മാത്രം.
ആസ്വദിച്ചും പരിതപിച്ചും
മരവിച്ച വികാരങ്ങള്‍..
ഇപ്പോള്‍ അവയുമായി 
സഖ്യത്തിലാണ്.

കബന്ധങ്ങള്‍ കഥപറയുന്ന 
പുകയുന്ന 
സാമ്രാജ്യങ്ങളില്‍ 
ഉണക്കമീന്‍ തേടിയലയുന്ന 
കരിപൂച്ചകള്‍. 
അസ്വസ്ഥരാണല്ലോ..

കുടിയേറ്റത്തിന്‍ 
കരിപുകയേറ്റ കരിന്തിരികളുടെ 
നനഞ്ഞ വാക്കുകള്‍ 
മൂളിയത് 
ചിതറിയ സ്വപ്നങ്ങളുടെ 
ഗദ്ഗദം മാത്രം.

അവര്‍ അറിയുന്നു 
എനിക്ക് മറുകര താണ്ടാന്‍
മുന്‍പിലുള്ളത് 
നൂല്‍പ്പാലം മാത്രം.
നേര്‍ത്ത ചാഞ്ചാട്ടം പോലും
കാഴ്ചകള്‍ 
അന്യമാക്കുമെന്ന നേരും.

അടച്ചുവച്ച പുസ്തകത്തില്‍  
ചരിത്രമിപ്പോഴും 
പതിരുകള്‍ 
വേര്‍തിരിക്കുകയാകുമോ...?





No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "