Labels

7.12.2012

ഏകാന്ത പഥികന്‍_____________



നിലാവ് വറ്റിയ പാടം പോല്‍
കറുത്ത് വരണ്ടൊരു രാത്രി
വിണ്ണില്‍ നിന്ന് മണ്ണിലേക്കും
മണ്ണില്‍ നിന്ന് മനസ്സിലെയ്ക്കും
കുതറിത്തെറിക്കുന്ന
ഇരുള്‍ത്തുണ്ടുകള്‍.,

ഒരു റാന്തല്‍ വെളിച്ചം
മറഞ്ഞു കത്തുന്ന കണ്ണുമായ്
വാര്‍ധക്യത്തിന്‍റെ രേഖാചിത്രം
നെറ്റിച്ചുളിക്കുന്നു.
താങ്ങുവടിയെ പിച്ചനടത്തുന്ന
വിറയാര്‍ന്ന കൈകള്‍
കിതച്ചിടിക്കുന്ന ഹൃദയത്തോട്
ഇടയ്ക്കിടെ പരിഭവിക്കുന്നുണ്ട്.
അലസമായ്‌ കര്‍മ്മം ചെയ്യുന്ന
പുതുശ്വാസത്തിന്‍ ഔദാര്യം ,
ചുവടുകളെ മുന്നോട്ട് ഉന്തിനീക്കുന്നു.
നെഞ്ചില്‍ കുറുകുന്ന നിശ്വാസങ്ങള്‍
ജീവസ്പന്ദനം തളചിടുവാന്‍
വലകള്‍ കൊരുക്കുന്ന
തിരക്കിലായിരുന്നു..

അന്തിവാനം നോക്കി
നരച്ച കണ്‍പീലികള്‍ ഈറനണിയുന്നത്
കാണാത്ത ഭാവത്തില്‍
ഒരു കാറ്റ് കടന്നു പോകുന്നു.
നിറങ്ങള്‍ നിറഞ്ഞു തൂവിയ
മൂവന്തിയില്‍
നരച്ച നിറങ്ങളുമായ്
ഒരേകാന്ത പഥികന്‍ .

ഓര്‍മ്മകളുടെ തിരശ്ശീലയില്‍
കളിച്ചുതളര്‍ന്ന വര്‍ണ്ണങ്ങള്‍,
മുഖമുയര്‍ത്തിയപ്പോള്‍
ഒരു ചെറു നെടുവീര്‍പ്പ് കുതറിമാറി.

നിറങ്ങള്‍ ഇരുളില്‍ ഒളിപ്പിച്ച്
രാവ് മുഖം കനപ്പിക്കുമ്പോള്‍
അയാളുടെ മനസ്സില്‍ നിന്നും
ഇരുണ്ട പക്ഷികള്‍
ചിറകടിച്ചുയരുകയായിരുന്നു.
തുറന്ന കണ്ണുകളില്‍
ശരറാന്തല്‍ തിരിയണച്ച്
ഇരുള്‍പക്ഷി ചേക്കേറിയപ്പോള്‍
വെളുത്ത പൂക്കളെ മാറോട് ചേര്‍ത്ത്
അയാള്‍ ഉറങ്ങുകയായിരുന്നു.


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "