Labels

7.05.2012

കാശിത്തുമ്പപ്പൂക്കള്‍____________




ഗൃഹാതുരതയുടെ 
തൊടികളില്‍
ചാറ്റല്‍ തളിച്ചുണര്‍ത്തിയ
കാശിത്തുമ്പപ്പൂവുകള്‍.........,


നാട്ടുവഴിമറയത്തും
തൊടിയിലും
തലകുനിച്ചു നില്‍ക്കുന്ന
കാശിത്തുമ്പകളെ ആരാണ്
കീഴ്ജാതിയുടെ വേലിപ്പടര്‍പ്പില്‍
ഓരത്തുനില്‍ക്കാന്‍
പഠിപ്പിച്ചത്.


പൂക്കളുടെ വിത്തുകള്‍
അവിഹിതഗര്‍ഭം
ഒളിപ്പിക്കുവാന്‍
കഴിയാതെ നില്‍ക്കുന്നവളുടെ
വാടിയ നിഴലായ്‌
അവളെ വെട്ടയാടുന്നുണ്ടാകുമോ?


ആഡ്യവര്‍ഗ്ഗത്തിന്‍റെ മുറ്റത്ത്
നമ്രമുഖിയായ്‌ ഒതുങ്ങുമ്പോഴും
അവള്‍
സുന്ദരിയായിരുന്നു.


അവളുടെ നനുത്ത
വയലറ്റ് പൂവുകള്‍
എന്നെ വല്ലാതെ മയക്കിയിരുന്നു.
മനസ്സിന്‍റെ ഒരു കോണില്‍
ഏതോ ഒരു ചെടിച്ചട്ടിയില്‍
ഞാന്‍ അവളെ
നട്ടുനനച്ചിരുന്നത്
അവള്‍ അറിയുന്നുണ്ടാകില്ല.


കാട്ടുപൂക്കള്‍ പലരും
പഞ്ചനക്ഷത്ര റാണിമാരായി
അന്തപുരങ്ങളിലേക്ക്
കുടിയേറ്റപ്പെട്ടിരിക്കുന്നു.


പുതുമഴ
അറിയാതെ തൊട്ടുണര്‍ത്തിയ
ലോകത്തിലേക്ക്
മിഴിച്ച കണ്ണേറുമായ്
പതുങ്ങിങ്ങിയവള്‍.,
ഓരോ കളപറിക്കലുകളും
നെഞ്ചിടിപ്പുകളുടെ വേഗതയാകാം
അവള്‍ക്കു സമ്മാനിച്ചത്.
പൂവിളികള്‍ കേട്ട്
കുളിരുകോരി
സാഫല്യമണയാന്‍ കൊതിച്ച്
അവളും ഒരുങ്ങി നിന്നിരിക്കണം.


ഒരു
പാവപ്പെട്ടവന്‍റെ കുഞ്ഞുപെണ്ണ്‍
അനുവാദമില്ലാതെ
കടന്നുവന്ന അവളെ
കൊഞ്ചിക്കുമ്പോഴും
അവള്‍
മൌനത്തിലായിരുന്നു.


എന്നും
അറിയാതെയാണ്
നിദ്രയുടെ ഗര്‍ഭത്തില്‍ നിന്നും,
ഭൂമിയുടെ മാറിലേക്ക്
പൊട്ടിത്തെറിച്ചവള്‍ വരുന്നത്.
ഒരു വയലറ്റ് സുന്ദരിയുടെ
പരിഭ്രമങ്ങളുമായ്........

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "