7.12.2012

എന്‍റെ മഞ്ഞ മന്ദാരങ്ങള്‍______ഒരു വിരല്‍പ്പാടകലെ
നക്ഷത്രങ്ങളുടെ
കുന്നിന്‍ചെരുവില്‍
മഴയുടെ മൌനം.

മൃദുസ്പര്‍ശമായ്
പെയ്തിറങ്ങിയ
തൂവലുകളുടെ മൃദുലതയില്‍
മിഴികൂമ്പി
കിനാവിന്‍റെ വള്ളിയില്‍
പൂത്തുകൊഴിയുന്ന
മഞ്ഞമന്ദാരങ്ങള്‍..,
അതെന്‍റെ സ്മൃതിയുടെ മുറ്റത്ത്
ഇളംവെയിലില്‍
നട്ടുവളര്‍ത്തിയവയായിരുന്നു.

സ്വപ്നത്തിന്‍റെ
തിരശ്ശീലയിലേക്ക്‌ പറന്നു വന്ന
നീല ശലഭങ്ങളുടെ
വെളുത്തപുള്ളികള്‍
എന്‍റെ മന്ദാരങ്ങളെ നാണിപ്പിക്കുന്നതു
ഞാന്‍ അറിയുന്നുണ്ട്.

തിളങ്ങുന്ന കണ്ണുകളുമായ്
നീല ശലഭങ്ങള്‍
ഒരുനുള്ള് പൂമ്പൊടി
കടം വാങ്ങുവാന്‍ വന്നതായിരുന്നു.
ഇനിയും വിടരാത്ത
പൂമൊട്ടുകള്‍ക്ക് പൊട്ടുകുത്താന്‍..

കാറ്റ് കടഞ്ഞെടുത്ത
ഒരു കുമ്പിള്‍ മഴയില്‍
നക്ഷത്രങ്ങള്‍ കുതിര്‍ന്നണഞ്ഞത്
ഞാന്‍ അറിഞ്ഞതേയില്ല.
എന്‍റെ
മയക്കത്തിന്‍റെ താഴ്വരയിലേക്ക്
മഞ്ഞ മന്ദാരങ്ങള്‍
പൊഴിയുകയായിരുന്നുവല്ലോ.
_____________________________