Labels

7.18.2012

വെറുതെ ഒരാകാശം...(ഈസ്റ്റ്‌ കോസ്റ്റ്‌ കവിതാ മല്‍സരത്തില്‍ പ്രോത്സാഹന സമ്മാനം നേടിയ കവിത )



ചിറകടിക്കുന്ന
നിഴല്‍പ്പക്ഷികള്‍ക്കു മേലെ
ഞാനിന്നൊരാകാശം
വരച്ചു ചേര്‍ക്കും.
രാവിന്‍റെ മൌനത്തില്‍  നിന്നും
ദുസ്വപ്നത്തിന്‍റെ ചരടുകള്‍
എനിക്കറുത്തു മാറ്റണം.

പൊള്ളിച്ചിരിക്കുന്ന
നിശ്വാസങ്ങള്‍ ചേറിയെടുത്തു
തുകല്‍ സഞ്ചിയില്‍
മഞ്ഞുതുള്ളികളോട്
ചേര്‍ത്ത്
പൂഴ്ത്തി വയ്ക്കണം.

പകലിന്‍റെ
വെളുത്ത കണ്ണുകള്‍ക്കും,
രാവിന്‍റെ
ഇരുണ്ട മിഴികള്‍ക്കുമായി
വര്‍ണ്ണങ്ങള്‍
വിരിഞ്ഞു ചിരിക്കുന്ന
ഒരൊറ്റപ്പുതപ്പ്‌
നെയ്തെടുക്കണം.

എന്‍റെ
ജാലകത്തിന്‍ മുകള്‍പ്പടികളില്‍
മിഴിച്ചു നോക്കുന്ന
വേനല്‍പ്പക്ഷികള്‍
ഒരു തൂവല്‍
പൊഴിച്ചെറിയാമെന്നു
മൂളിയിട്ടുണ്ട്.
അതില്‍ ചാരിയിരുന്നു
കാണാമറയത്തുള്ള
വസന്തത്തിന്‍ വീട്ടുപടിക്കല്‍
കൈനീട്ടി നില്‍ക്കുന്നത്
കിനാവ്‌ കാണണം.

നീ അറിയുന്നുണ്ടോ മനസ്സേ..
മരവിച്ച ചിന്തകളുടെ
കട്ടിളപ്പടിയില്‍
കുന്തിച്ചിരുന്നു
ഞാനിന്നൊരു
മൂളിപ്പാട്ടു പാടുന്നത്.

ഓര്‍മ്മകള്‍
തീരത്തത്തെറിഞ്ഞ
ഒരു കുഞ്ഞു ശംഖിന്‍റെ
ആര്‍ത്തനാദം
മാറോട് ചേര്‍ക്കുന്നത്.
തേങ്ങിക്കരയുമ്പോഴും
മുറിഞ്ഞ
വാക്കുകള്‍
പിറുപിറുക്കുന്നത്
കടല്‍ നിഗൂഡമെന്നായിരുന്നു.

ഇന്നെന്‍റെ
ചിന്തകളില്‍ തൂങ്ങിയാടുന്നത്
ഒരു
തൂക്കണാം കുരുവിയുടെ
കൂട് മാത്രം.
കനല്‍ കൊത്തിയെടുത്ത
പക്ഷിയുടെ
ചുണ്ടുകളായിരുന്നു
ആ പനിക്കുന്ന
താളമിടിപ്പുകളുടെ അവകാശി.

മാലാഖമാരുടെ
ചിറകിന്നടിയില്‍
ചുരുണ്ട് കൂടുവാന്‍
എനിക്കുമൊരു വെളുത്ത തൂവല്‍
കളഞ്ഞു കിട്ടും.
അന്ന്
നിറങ്ങള്‍ ആര്‍ത്തു ചിരിക്കുന്ന
കാലത്തിന്‍റെ വിടവില്‍ നിന്നും
ഒരേട്
ഞാന്‍ കട്ടെടുക്കും.

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "