Labels

7.04.2012

ഹൈക്കു

നിറങ്ങള്‍
പൂത്തുവിരിഞ്ഞ്
അന്തിവസന്തം.
_____________
നക്ഷത്രങ്ങളെ
മായ്ച്ചുകളയുന്നു,
മേഘത്തൂവാലകള്‍..
____________
രാവിന്‍ മാറിലേക്ക്
ചായുറങ്ങുന്നു ,
ഒരു പകല്‍...
______________
നാലുമണിപ്പൂക്കളില്‍
നേരം തിരയുന്നു ,
ഒരുകൊച്ചു മൂളല്‍...
______________
നിദ്രയെ കൊത്തിയെടുത്ത്
ചിറകടിച്ച്ചിതറുന്നു ,
രാപ്പക്ഷികള്‍..
_____________
വിണ്ട ഭൂവിനെ
ചേര്‍ത്തു തുന്നുന്നൂ
പുതു മഴ .
_____________
മായാതെ മനസ്സില്‍.
മനോഹാരികളായ
വേലിപ്പൂക്കള്‍ .
_____________
കുരുവിക്കുളി ഒളിഞ്ഞുനോക്കി
നാവുനുണയുന്നൊരു
മാര്‍ജ്ജാരസന്തതി.
_____________
ഋതുക്കളോട്
പിണങ്ങിപ്പൂത്തൊരു
കണിക്കൊന്നപരിഭവം.
____________
മൌനത്തിന്‍ മുറിവായില്‍
വാക്കിന്‍ തൂവലാല്‍
തൈലം പുരട്ടി നീ.
______________
പാതിരാവിന്‍ നീലനിലാവിനോട്
പരിഭവമായ്‌ പെയ്തിറങ്ങി
ഒരു മഴ.
_____________
മഴയില്‍ കുതിര്‍ന്നൊരു 
ഈറന്‍ മന്ദാരം
എന്റെ വെളുത്ത സ്വപ്‌നങ്ങള്‍ പോലെ .
_____________
വഴിമറന്ന 
കുഞ്ഞിനെപ്പോല്‍
വിതുമ്പുന്നു മാനം.
______________
നിറമിഴിയില്‍
അച്ഛനെ തേടുന്നു
കുഞ്ഞു ചോദ്യങ്ങള്‍.
______________
നീല രാവില്‍
ധ്യാനിക്കും യോഗീശ്വരന്മാര്‍
പൈന്‍മരക്കൂട്ടം.
_____________
നീലമേനിയില്‍
വെള്ളിനൂല്‍ കോര്‍ക്കുന്നു
പര്‍വ്വതമുത്തശ്ശി.
______________
എന്‍റെ തത്തച്ചുണ്ടുകള്‍ കവര്‍ന്നെടുക്കും
നിന്‍ കണ്ണിണയില്‍ കതിരിടുന്ന
പ്രണയം .
_______________
പോരരിയാതെ
പൊരുതുന്നു
വാള്‍മൂര്‍ച്ചകള്‍.
_______________
പൊയ്കയുടെ
ഏകാന്തത കവര്‍ന്ന്
ഒരു തുള്ളി സൂര്യന്‍.
________________
താമരക്കണ്ണില്‍
അഞ്ജനമെഴുതി
ഒരു പൈക്കിടാവ് .
_____________
മാനംനോക്കി മണ്ണ്നോക്കി
നെടുവീര്‍പ്പിടുന്നു
ഒരു പിടി വിത്ത്‌ .
_______________
വസന്തത്തിന്‍ താഴ്വരയില്‍
സ്വപ്നത്തിലെന്നപോല്‍
തെന്നിവീശുന്നു കാറ്റ്.
_________________
തുള്ളിച്ചിതറി
വരുന്നല്ലോ
പള്ളിക്കൂടം.
_________________
കല്ലുവിരിഞ്ഞ പാതയില്‍
തെന്നിച്ചാടിയൊരു
കുതിരവണ്ടി.
_____________
ഇലകള്‍ പാറ്റുന്ന കാറ്റില്‍
നാമം ജപിച്ച്,
കരിയിലകള്‍.
__________________
മണല്‍പ്പരപ്പില്‍
മരണക്കുറിപ്പെഴുതുന്നു ,
ഒരു പുഴ .
_________________
രാക്കോട്ടയില്‍
കണ്ണടയ്ക്കുന്നു,
ചോര തുപ്പിയ പകല്‍ .
_________________
വരണ്ട ഭൂവിന്‍റെ നിശ്വാസം
മാനത്ത് ,
ഒരു വെളുത്ത മഴവില്ല്.
__________________
മനക്കണ്ണിലെ നിന്നെ
വിരല്‍ത്തുമ്പാല്‍ പകര്‍ത്തി
നീയിന്നൊരു കവിത.
__________________
അഗ്നിസര്‍പ്പങ്ങള്‍
ഇണചേരുന്ന
ഉച്ചവെയില്‍ക്കാവ്.
__________________
ഹരിതകടാക്ഷം
കൈമാറി
സൌഹൃദത്തണല്‍.
______________
ഓര്‍മ്മകളുടെ
ഉണര്‍ത്തുപാട്ടായ് ഉടുക്ക് കൊട്ടുന്നു
മഴത്തുള്ളികള്‍.
_______________
കൈക്കുടന്ന നിറയെ
വിരിഞ്ഞു ചിരിക്കുന്ന,
മുല്ലപ്പൂമണം
___________________
കണ്ണിറുക്കിയ
യന്ത്രച്ചിരില്‍ ഉടക്കി
കൂടണയാനുള്ള വെപ്രാളം.
________________
ഒരു
ചെറുകൊടിതന്‍
സൂര്യവന്ദനം.
___________________
ആകാശ നീലിമയില്‍
ചിറകു വിടര്‍ത്തി
നിമിഷത്തുടിപ്പുകള്‍.
__________________________















No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "