6.05.2012

പൊള്ളുന്ന ച്ചുവടുകള്‍___________


തീക്കല്ലുകള്‍ നൃത്തം ചെയ്യിക്കുന്ന
പാവക്കൂത്തുകാരന്‍റെ
ചരടുകളില്‍
നരച്ചകുപ്പായക്കയ്യുകള്‍.


പൊടിമൂടിയ കണ്ണാടികള്‍
വികൃതമായി ചിരിക്കുന്നു.
പൊള്ളിയ ചുവടുകള്‍
ഉണങ്ങാത്ത മുറിവുകളെ
ഇടയ്ക്കൊന്നു നുള്ളിനോക്കുന്നു.

തേഞ്ഞ കനവുകളുടെ കപ്പികളില്‍
ഉരഞ്ഞു നീങ്ങുന്ന
കയറുജീവിതങ്ങള്‍.
വിളയില്ലാ പാടത്ത്
ഉലാത്തുന്നൊരു വെയില്‍രാജന്‍.

നിലവിളികള്‍
ആഴ്ന്നുറങ്ങിയ തൊണ്ടകള്‍;
ഉപ്പ്കയ്ക്കുന്ന
തോടുതേവിത്തളരുന്നു.

നട്ടുച്ചയെരിയുന്ന
വിണ്ട മണ്ണിലെ
വന്ധ്യയായ വിത്തിന്റെ സ്വപ്നം
നെടുവീര്‍പ്പിടുന്നു.

മോഹങ്ങളുടെ കീറുവെട്ടം
ആറ്റ്നോറ്റിരിക്കുന്ന
ചെറുമികള്‍ നീട്ടിപ്പാടുന്നത്
തങ്ങളുടെ  വിശപ്പാണ്.

ഞാനൊരു
പുഴതിരഞ്ഞു
ചെന്നെത്തിയത് ഊര്‍ദ്ധശ്വാസം
യാത്രമൊഴിയുന്ന മണ്‍ത്തരികളില്‍.
ഒറ്റക്കണ്ണിറുക്കി പായുന്ന
ശരങ്ങള്‍
ലഷ്യം തേടുകയാണ്.

പൊയ്ക്കാലുകളില്‍
വിടര്‍ന്നു മയങ്ങുന്നു പൂക്കളുടെ
മുഖംമൂടികള്‍.
ആലയില്‍ തപം ചെയ്ത ദണ്ഡ്കള്‍
ചുടുചോര മോഹിച്ച്‌
ധ്യാനമുണരുന്നു.

കൂടുതേടുന്ന പക്ഷിയുടെ
വെപ്രാളം,
വീണുകിടക്കുന്ന വൃക്ഷമേനിയുടെ
നിസ്സഹായതയില്‍
തലതല്ലിക്കരയുന്നു.
ഒരു വിറകുവെട്ടിയുടെ കോടാലി
ഇരുട്ടില്‍
കുമ്പസാരിക്കുന്നു .

രാവില്‍ കൂമ്പിയ
പൂവുകളുടെ ആത്മാവ് ,
ചിരിച്ചു മലരുന്ന പൂമൊട്ടുകളോട്
എന്തോ സ്വകാര്യം പറയുന്നു.

മുള്‍പ്പടര്‍പ്പില്‍ കുരുങ്ങിയ
ഇരയെ തേടുന്നത്
അനേകം കണ്ണുകള്‍.

ഇനി ഒരു കാത്തിരുപ്പ് ,
ദൈന്യമായ്‌ പതുങ്ങുന്ന
ഇരയുടെ ഇണ
കുഞ്ഞിനെ പ്പാലൂട്ടുകയാണ്.
താരാട്ട് പാട്ട് മൂളുമ്പോഴും
ആ കണ്ണുകള്‍ എത്തിനോക്കുന്നത്
ഇരുട്ടിലേക്കാണ്.

നോക്കെത്താ ദൂരെ
മിന്നിപ്പൊലിയുന്നു,
ഒരു തുള്ളിവെട്ടം.
*************************