6.20.2012

ഹൈക്കു____രാവ്‌ __മഴ

മണിയറയിലേക്ക്‌
തുടുത്ത സന്ധ്യയുടെ ,
നാണച്ചുവട്.
___________
ഞാനെന്നെതിരയുമ്പോള്‍
കണ്ണുമിഴിക്കുന്നു ദൂരത്തായ്,
ചക്രവാള കൌതുകം .
____________
ആകാശക്കടലില്‍
നിലാച്ചാകര
തുള്ളിപ്പിടയ്ക്കുന്നു തിങ്കളും.
___________
നിലാപ്പക്ഷി
ചേക്കേറുന്നീ;
രാച്ചില്ലമേല്‍ .
____________
ഇരുള്‍ മൌനം
കൊത്തിപ്പറക്കുന്നൊരു
ചക്രവാകം.
___________
നീല രാവില്‍
ധ്യാനിക്കും യോഗീശ്വരന്മാര്‍
പൈന്‍മരക്കൂട്ടം.
_________
നീലമേനിയില്‍
വെള്ളിനൂല്‍ കോര്‍ക്കുന്നു
പര്‍വ്വതമുത്തശ്ശി.
_________
ഇരുള്‍ പെയ്തൊഴിഞ്ഞോരാ
മുറ്റത്ത്‌
വെയില്‍ക്കതിര്‍ വിളയാട്ടം.
________
സൂര്യാംശു
പുണര്‍ന്നു
ഭൂമികന്യയുണര്‍ന്നു.
__________
മഴക്കൂട്
തേടുന്നൊരു
വെയില്‍ക്കുരുവി.
________
പുലര്‍ തോഴി
ഈറനിറ്റു വീഴുന്ന
ചേലയുമായ്.
________
ഉച്ചവെയിലിനോട്
കലഹിക്കുന്നു
ചാറ്റല്‍പ്പരിഭവം
_________
മഴച്ചുംബനം
നാണിചൊളിക്കുന്നു
വെയില്‍ക്കിടാത്തി.
_________
വെയില്‍ച്ചേല
നനയ്ക്കുന്നു
മഴചെറുക്കന്‍ .
__________________