6.21.2012

തോന്നലുകള്‍ _____മഞ്ഞുത്തുള്ളികള്‍ വീണപ്പോള്‍
അരികു ചേര്‍ത്തു 
ചിരിച്ചതാണ് മഴവില്ല്.
മാനം പൊട്ടിച്ചിതറിയപ്പോള്‍ 
മഴത്തുള്ളികള്‍ 
കലപില കൂട്ടിയത് 
കണ്ടു നിന്ന് ഞാനും രസിച്ചു.

ഇപ്പോള്‍ ഞാന്‍ എന്നെ 
തിരിഞ്ഞു നോക്കുമ്പോള്‍ 
കറങ്ങുന്ന ഭൂമി എന്തിനാണ് 
എന്നെ കണ്ണുരുട്ടുന്നത്.
കാഴ്ച്ചകള്‍ക്കെല്ലാം ധൃതിയാണ് 
എന്ത് വേഗത്തില്‍ അവ 
കണ്ണിലൂടെ കടന്നു പോകുന്നു .
ഞാനും പല കണ്ണുകളിലും 
ധൃതിയില്‍ 
കയറിയിറങ്ങിയിട്ടുണ്ടാകാം.

എനിക്ക് ഒരതിരു വേണം 
മഴ നനയാനും മഞ്ഞു പുതയ്ക്കാനും 
വെയില്‍ കായാനും.
മുളപ്പിച്ചെടുത്ത 
ഒരു ആകാശക്കീറ് 
ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
പറിച്ചുനട്ട് അതിലൊന്ന് 
കണ്ണുതുറന്നുറങ്ങണം ..

തുള്ളിത്തെറിച്ചു  പോയ 
ചിരിയും കരച്ചിലും 
ഓടിനടന്നു പെറുക്കണം .
ഞാന്‍ ഒരു കാശ്കുടുക്ക 
കടം വാങ്ങിയിട്ടുണ്ട്,
അതിന്റെ ചിരിച്ച തൊള്ളയില്‍ 
തിരുകി വയ്ക്കാനാണ്.

മറിഞ്ഞു തൂവിയ നിലാവ് 
ഒരോട്ടപ്പാത്രത്തില്‍ 
കോരി വച്ചിട്ടുമുണ്ട് .
ഊര്‍ന്നു പോകാതിരിക്കാന്‍ 
നക്ഷത്രപ്പൊട്ടു കൊണ്ട് ആ 
വിടവൊന്നടയ്ക്കണം.

വില്‍ക്കാന്‍ വച്ച കവിതകളില്‍ 
വേട്ടാളന്‍ കൂട് കൂട്ടുന്നുണ്ടത്രേ.
ഞാന്‍ ആ അക്ഷരങ്ങളില്‍ 
തേന്‍ പുരട്ടാതിരുന്നത് 
തേനീച്ചയെ 
അറിയിക്കാതിരിയ്ക്കാനാണല്ലോ.

ഇതെന്താ എന്‍റെ പേനത്തുമ്പ് 
പകര്‍ത്തിയെഴുതുന്നത് ?
ഇതൊക്കെ വെറും തോന്നലുകള്‍ 
ആണെന്നോ .
ഈ വീണു കിടക്കുന്ന അക്ഷരങ്ങള്‍ 
എന്തിനാണാവോ
വാ പൊത്തി ചിരിക്കുന്നത്.
ആ ആര്‍ക്കറിയാം.