6.30.2012

വെളുത്ത മഴവില്ല് ___________
ശൂന്യതയുടെ വരണ്ട വേരുകള്‍
ചിന്തയെ കാര്‍ന്നു 
തിന്നുകൊണ്ടിരുന്നു.
കാറ്റിനെ തൂക്കി നോക്കി 
കളിച്ചു രസിച്ച നിമിഷങ്ങള്‍,
ശാന്തമായ്‌ ഉറഞ്ഞ 
തുഷാര കണത്തിന്‍റെ തണുപ്പ് 
എറ്റുവാങ്ങി മരവിച്ചിരിക്കുന്നു.

ഇരുളില്‍ തെളിയിച്ച
തിരിവെട്ടം 
ഭയന്നു വിറയ്ക്കും പോലെ.
കാലത്തിന്‍റെ 
പായല്‍ വഴുക്കില്‍ 
തെന്നി വീഴുന്നു നാഴിക മണിയിലെ
നിമിഷപ്പൈതങ്ങള്‍ .
മഴയെറ്റ് കുതിര്‍ന്നും,
വെയിലേറ്റ് നരച്ചും 
മഞ്ഞില്‍ കുളിര്‍ന്നും 
അക്കമിട്ടു വരിയൊത്തങ്ങനെ .. 

ദിനരാത്രങ്ങളുടെ 
ഭാണ്ഡം പേറിയ 
യുഗങ്ങളുടെ പ്രയാണം 
ഒരു രഹസ്യത്തിലേക്കത്രേ.
ചോദ്യങ്ങള്‍ മുളച്ചുപൊങ്ങിയും
ഉത്തരങ്ങള്‍ വഴുതി മാറിയും 
പന്തയം മുറുകുമ്പോള്‍,
മനസ്സിന്റെ താഴ്വരകളില്‍ 
നിമിനേരം മിന്നിയകലുന്നു 
മിന്നാമിന്നികളുടെ 
പച്ചവെളിച്ചം.

നിഗൂഡതയുടെ 
മന്ത്രങ്ങള്‍ ഉരുക്കഴിച്ച്
തലയുയര്‍ത്തി 
ഒറ്റ മരത്തിന്‍റെ ധ്യാനം,
യൌവ്വനം കാത്തുവയ്ക്കുന്നത് 
ആര്‍ക്കു വേണ്ടിയാണ്.
വരണ്ട ഭൂവിന്‍റെ നിശ്വാസം
തീര്‍ത്ത ഒരു 
വെളുത്ത മഴവില്ല്.
ഉത്തരമില്ലാത്ത ചോദ്യം പോലെ
എനിക്കെതിരെ 
പുറംതിരിഞ്ഞു നില്‍ക്കുന്നു.
കള്ളിച്ചെടിയില്‍ 
ഒളിച്ചിരിക്കുന്ന വെള്ളത്തുള്ളികള്‍ 
എന്‍റെ ഉള്‍ത്തളങ്ങളില്‍ 
ഇറ്റുവീണ് 
സ്വകാര്യം പറയുന്ന 
ഒരു നുള്ള് സമയം 
എനിക്കായ് ഇനിയും 
കാത്തിരിക്കുന്നുണ്ടാകുമോ.

ലില്ലിപ്പൂവുകള്‍ക്ക് ചുറ്റും
പാറിയൊഴുകി 
വെണ്‍ശലഭങ്ങളുടെ 
പ്രണയസങ്കീര്‍ത്തനം .
അതിനു താളമിട്ടു ഓര്‍മ്മകളുടെ 
ഉണര്‍ത്തുപാട്ടായ് 
ഉടുക്ക്കൊട്ടി മഴത്തുള്ളികളും.

എന്നില്‍ നിന്നും
ശൂന്യത തട്ടിപ്പറിച്ച് 
ഒരു നാഴികമണി മുരളുന്നു.
നീലവാനില്‍ 
ആ വെളുത്തമഴവില്ലപ്പോള്‍
വര്‍ണ്ണങ്ങളെ പെറുകയായിരുന്നു.
________________________________