6.20.2012

പരിഭവങ്ങള്‍____

എന്റെ ഇഷ്ടങ്ങളിലെക്ക്
വേരിറക്കുവാന്‍ മടിച്ച്
ഒരു ആണ്‍മരം .

മരീചികകള്‍ ഇളിച്ചുകാട്ടുന്ന
നിമിഷങ്ങളിലൂടെ ഞാന്‍
ഇഴഞ്ഞു കൊണ്ടിരിക്കുന്നു.
കണ്ണീര്‍ പോലും കരുണ കാട്ടാതെ
ഒഴിഞ്ഞു പോകുന്നു.

നൈമിഷികച്ചിരികള്‍
മിന്നിമായുന്ന മനസ്സിന്‍
താഴ്വാരത്ത്,
ഇഷ്ട്ടങ്ങള്‍ പിണങ്ങിപ്പോയ
നിര്‍വികാരത എന്നെ
ബന്ധനത്തിലാക്കിയിരിക്കുന്നു.

മിഴികളിലും മൊഴികളിലും
ജീവന്‍ അറ്റു പോയിരിക്കുന്നതു
ഞാനറിയുന്നു.
ഒന്നും എന്നെ സന്തോഷപ്പെടുത്തുന്നില്ല.
ഏകാന്തതയുടെ പരകോടിയില്‍
ചുറ്റും പൊള്ളുന്ന മണല്‍പ്പാടങ്ങളുടെ
ചുടുനെടുവീര്‍പ്പേറ്റ് 
ഞാന്‍ ഉഴറുകയാണ്.

മനസ്സിന്റെ വാതിലില്‍
ശൂന്യത വിളയുന്ന വേലിപ്പരപ്പുകള്‍.
നിറങ്ങള്‍ സ്വപ്നങ്ങളില്‍
നിന്നുപോലും ഒളിചോടിയിരിക്കുന്നു.
കുഞ്ഞുമുഖത്തെ പരിഭവങ്ങളോടും
 എന്തിനോ കലഹിക്കുന്നു.

നഷ്ട്ടബോധവും കുറ്റബോധവും
എനിക്ക് വേണ്ടി മരണ നിഴല്‍ തീര്‍ക്കുന്നു.
ഞാന്‍ ആരെയും സ്നേഹിക്കുവാന്‍
അപ്രാപ്തയായിത്തീര്‍ന്നിരിക്കുന്നു.
എന്നോട് പോലും എനിക്ക്
പ്രിയം ഇല്ല.

എന്റെ കലഹവും പരിഭവങ്ങളും
ഇപ്പോള്‍ എന്നില്‍ത്തന്നെ
ചുരുണ്ട് കൂടുന്നു.