6.19.2012

നീലക്കുറിഞ്ഞികള്‍


പകല്‍ കിനാവുകള്‍ 
മാലകൊരുത്തപ്പോള്‍
അറിയാതെ അടര്‍ത്തിയ
പൂവിതളുകള്‍

ഓര്‍മ്മകളുടെ പച്ചനൂല്‍ ചേര്‍ത്ത്
എപ്പോഴാണ് കോര്‍ത്തുപോയത്
അറിയില്ല.
എങ്കിലും സുഖ നൊമ്പരമായി
ഒരു ചെറു കുളിര്‍കാറ്റ്
എന്നെയുണര്‍ത്തി കടന്നു പോയത് 
ഞാന്‍ ആസ്വദിക്കുകയാണ്.

അങ്ങ് ദൂരെ ഈറന്‍ കാട്ടുപൂക്കളുടെ
വനഗന്ധം എനിക്കരികില്‍
എങ്ങിനെ എത്തിയെന്നതും
ഒരു സ്വപ്നം പോലെ
ഞാന്‍ അറിയാതറിയുന്നു.

നീലക്കുറിഞ്ഞികളുടെ താഴ്വാരങ്ങള്‍
കാത്തിരിപ്പിന്‍റെ വിരഹം
കാറ്റിനോട് പറയുമ്പോഴും
വര്‍ണ്ണ സ്വപ്‌നങ്ങള്‍ പോലെ
അവയുടെ അദൃശ്യ സാമീപ്യം 
അനുഭവിക്കുന്നു എന്നത് 
ഞാനിപ്പോള്‍ മനസ്സിലാക്കുന്നു,


വികാരങ്ങള്‍ 
മനസ്സെന്ന രഥത്തില്‍ പൂട്ടിയ
അശ്വങ്ങള്‍ ആണെന്ന് 
ഞാന്‍ പറയുമ്പോള്‍ 
നിങ്ങള്‍ ചിരിക്കുകയാണോ.....