6.13.2012

അശരീരി____________

പഴയ മണമുള്ള കൂനയില്‍
തലപൂഴ്ത്തി
നീ തിരയുന്നതെന്താണ്?
ആഴ്ന്നിറങ്ങിങ്ങിയ
വേരുകളില്‍
കാലത്തെ പിഴുതുനടുന്ന
നിലവിളി
കേള്‍ക്കുന്നല്ലോ,,

നിശബ്ദതയുടെ
വിളക്കുകാലുകളിലേയും
കയ്യൊപ്പിട്ട
ചൂണ്ടുപലകളിലേയും
വയസ്സന്‍ കണ്ണുകള്‍
വിശ്രമത്തിലാണ്.
കാഴ്ചയും കേള്‍വിയും
പടിയിറങ്ങിയ വാര്‍ദ്ധക്യത്തിന്‍റെ
തുപ്പല്‍ വീണകാടുകള്‍
മരുഭൂ നടുകയാണ്.

വെള്ളെലികളുടെ
രക്തസാക്ഷിത്വം
വച്ച് നീട്ടിയ പിച്ചപ്പാത്രം
നീ കാണുന്നില്ലേ?
സമവാക്യങ്ങള്‍ പിറക്കുമ്പോഴും
അനാഥമാകുന്ന ബീജങ്ങള്‍
നിനക്കായ്‌ ശാപം കോര്‍ക്കുന്നത്
നീയറിയാതെ പ്പോയത്
കണ്ണട മറന്നതുകൊണ്ടല്ലേ ?
ത്രിമാന ചിത്രങ്ങളില്‍
ജീവന്‍ തുടിച്ചപ്പോഴും
നേര്‍ക്കാഴ്ച്ചകളില്‍ ജീവിതങ്ങള്‍
പുകമറയായത്
നിന്‍റെ തിരക്കുകള്‍ കൊണ്ടും
ആകാം.

ഒറ്റയടിപ്പാതകളില്‍
പിരിയന്‍ ഇടവഴികള്‍
സൂത്ര വാക്യമെഴുതുന്ന തന്ത്രം
പരീക്ഷിക്കുകയാണ്.
മിന്നാമിന്നികള്‍ ചിലര്‍
എന്തിനോ വേണ്ടി
ഇപ്പോഴും വഴിയോരങ്ങളില്‍
പരതിപ്പറക്കുന്നുണ്ട്.

പടികളോരോന്നും
ചുവടുതാങ്ങികള്‍ മാത്രം
കയറ്റിറക്കങ്ങള്‍ ഒറ്റരേഖയില്‍ തീര്‍ത്ത
ദ്വിമാന  ചിത്രങ്ങളും.
പഴയൊരു കാല്‍പ്പാട്
എന്നോട് സ്വകാര്യം പറയുന്നു.

തീ പടര്‍ന്ന ചിന്തകള്‍
ആളിക്കത്തല്‍ കഴിഞ്ഞു
പുകനീട്ടി ചാരമായ്‌
ശാന്തതയില്‍ ചേരുന്നു.
അപ്പോഴും
കനലൊളിച്ച കരിക്കട്ട
നെഞ്ചില്‍ പതുങ്ങുന്നത്
എന്തിനാണ്...?

ഓര്‍മ്മകളുടെ ചിതയില്‍
ഗൃഹാതുരത കായുന്ന
മനുഷ്യാ ..
ചരിത്രപുസ്തകത്താളുകളില്‍ നിന്ന്
രാജാക്കന്മാരെപ്പോല്‍
ചിതലുകള്‍
ഇറങ്ങി വരുന്നത്
നീ കാണുന്നില്ലേ..?
___________________________________