6.12.2012

അറിയില്ല___________ഉത്സാഹത്തിന്‍റെ
തളിരുകള്‍ കൊഴിഞ്ഞ
ചില്ലകളില്‍
മടുപ്പ് ചെക്കേറിയിരിക്കുന്നു.
വിഷാദം പകിടയുരുട്ടുന്ന
ചിന്തകളുടെ അലസത
എന്നെ
അസ്വസ്ഥമാക്കുന്നു.


നാള്‍ വഴികളില്‍
മൂകനിമിഷങ്ങള്‍
വിരുന്നു വരുന്ന
സഖികളായിരിക്കുന്നു.
ഇടവേളകള്‍ ചുരുങ്ങിയ
അവരുടെ സന്ദര്‍ശനങ്ങള്‍ ,
എന്നെ എവിടേയ്ക്കാണ്
ക്ഷണിക്കുന്നത്.?


ഉത്തരവും ചോദ്യവും
അവശേഷിപ്പിക്കാതെ
കണക്കുകൂട്ടലുകള്‍
പരസ്പരംകലഹിക്കുന്നു.


ശൂന്യതയുടെ കമ്പളത്തില്‍
വിയര്‍ത്തൊഴുകി എന്തോ
തിരയുകയാണ് ഞാന്‍.
പിണങ്ങിയ ചിരിയില്‍
എന്റെ മുഖം വികൃതമാകുന്നുണ്ടോ..?


കരയറിയാതെ കാലമറിയാതെ
ഓളങ്ങള്‍ കൂടെക്കൂട്ടിയ
ഒരു ചെറു തോണിയുടെ
നിര്‍വികാരത.
__________________________________