6.05.2012

ഹൈക്കു

വന്ധ്യയാം വളര്‍ത്തമ്മ
മുറിവേറ്റ മേനിയില്‍
ചേര്‍ത്തുപിടിച്ചു കിളിക്കൂട്‌.
_______________________________
പട്ടു നൂലിഴകളുടെ അഹംഭാവം
പ്രൌഡ കാല്‍വെപ്പുകളില്‍
ഞെളിഞ്ഞുലയുന്നു.
_______________________________
സൂര്യമഷിത്തണ്ടാല്‍
ഇരുള്‍പ്പാട് മായ്ക്കുന്നൊരു
പുലരിക്കുരുന്ന്‍.
_______________________________
നനഞ്ഞ വാക്കുകള്‍ മൂളിയത്
ചിതറിയ സ്വപ്‌നങ്ങളുടെ
ഗദ്ഗദം.
_______________________________
പഴയതാളുകള്‍ ചേര്‍ത്തടുക്കി
ഞാന്‍ നെഞ്ചിലേറ്റുന്നു;
ഒരുപിടി ഓര്‍മ്മമണം.
_______________________________
പൊള്ളുന്ന
ഉച്ചക്കഞ്ഞിയില്‍
ചെറുപയര്‍ വിപ്ലവം.
കൊതി വായക്കൊരു
പൊള്ളല്‍
സമ്മാനം .
________________________________
ആകാശമൊരു പയ്യ്‌
മഴനീര്‍ച്ചുരത്തി
മാറ്റുന്നു ദാഹം.
________________________________
കടലാസ്സില്‍
നിറുത്തിയിട്ടിരിക്കുന്നൂ
തീവണ്ടി ബോഗികള്‍.
കലെണ്ടെര്‍.
________________________________
പൂക്കുന്ന അത്തിമരങ്ങള്‍
തളിരിടുന്ന ഒലിവുചില്ലകള്‍;
ചിറകുകിളിര്‍ത്ത് ശലഭമോഹങ്ങളും.
__________________________________
നീലരാവിന്‍ താരാട്ട് കാതോര്‍ത്ത്‌
അരുവിയുടെ കുളിരിലുറങ്ങുന്ന
വെള്ളാരംകല്ലുകള്‍ പോല്‍ സ്വപ്‌നങ്ങള്‍.
___________________________________
പുസ്തകത്താളില്‍ 
തടവിലാക്കപ്പെട്ട മയില്‍പ്പീലിയുടെ
നെടുവീര്‍പ്പ്.
_________________________________
ആകാശത്തോപ്പില്‍
മിന്നിവിടരുന്നു,
നക്ഷത്രപ്പൂവുകള്‍.
__________________________________
കയ്പ്പില്ലാത്ത ഓര്‍മ്മകള്‍
ശീമനെല്ലി പോല്‍
നീ.
__________________________________
അന്തവും ഇല്ലാ
ആള്‍ക്കാരുമില്ലാ ,
ഒറ്റക്കായൊരു വഴിമുത്തശ്ശന്‍.