5.24.2012

തറിയൊച്ചകള്‍ ___________


കടവടുക്കുന്ന സന്ധ്യകള്‍
വിഷാദം നിറച്ച പാനപാത്രം
മോന്തിഉന്മത്തമായ മിഴികളോടെ
വേച്ചു നീങ്ങുന്നു.

പതിഞ്ഞ എങ്ങലുയരുന്ന
ചിത്തങ്ങളുടെ നിശ്വാസം
തളര്‍ന്നുറങ്ങുന്ന യാമങ്ങള്‍
ഇനിയും അകലെയാണ്.
ഈറനിറ്റ് വീണ് നനഞ്ഞ
രാത്രികളുടെ നിര്‍വികാരത
അലസമായ്‌ വീശുന്ന കാറ്റിനോട്
പരിഭവിക്കുന്നു.

ദൂരത്തായ്‌
ഒരു പുഴയൊച്ച ഞെരങ്ങുന്നു.
ജീവനില്ലാ ചുംബനങ്ങളോട്
പടവെട്ടി തളര്‍ന്ന തീരങ്ങള്‍.

ഓര്‍മ്മകളുടെ നങ്കൂരം
ആഴമില്ലാക്കടലില്‍ വിശ്രമം തേടിയലയുന്നു.
കാറ്റുലച്ച മയക്കം ഞെട്ടിയുണര്‍ന്ന്
പിന്നെയും ചുരുണ്ട് കൂടുന്നു.

ചാന്ദ്രസൂര്യ പന്തയങ്ങള്‍
നിഴലുകള്‍ ചേര്‍ത്തും പിരിച്ചും
ദിനങ്ങള്‍ തീര്‍ത്ത്‌ രസിക്കുന്നു.
ഒഴിവു സമയങ്ങളില്‍ നിന്ന്
തിരക്കുകളിലെക്ക്
യാഥാര്‍ത്ഥ്യത്തിന്‍റെ കൂടുമാറ്റം.

നിര്‍ജ്ജീവമന്ദഹാസങ്ങള്‍
വെയില്‍കായുന്ന ശിലാഹൃദയങ്ങള്‍;
സ്വാര്‍ഥതയുടെ പണിപ്പുരതേടുന്നു.
കെട്ടിപ്പുണരുമ്പോഴും
ഒരൊറ്റ വിരലിന്‍റെ
അകല്‍ച്ചയറിയാതെ ബന്ധങ്ങള്‍.

ഊര്‍ന്നു വീഴുന്ന ജീവിതങ്ങള്‍
കണ്ണുതിരുമ്മി തളിര്‍ക്കുന്ന
പുതു നാമ്പുകള്‍ .
നീര്‍ത്തിയും ചുരുക്കിയും
ഒരു ചക്രവാളം നെയ്തെടുക്കുന്ന ,
തറിയൊച്ചകളും.
******************************