Labels

5.16.2012

ഒറ്റമുറിയിലെ താമസക്കാരന്‍ ______ H&C യുടെ 101 കവികള്‍101 കവിതകള്‍ എന്നാ പുസ്തകത്തില്‍


മൌനമുനയുള്ള ഒറ്റമുറിയിലെ ഇരുട്ട്
എന്തൊക്കെയോ പിറുപിറുക്കുന്നു.
ചെന്നീരുറവകള്‍ക്കിടയില്‍
ഇരുണ്ട  ജീവന്‍റെ തുടിപ്പ്.

നിഴലടഞ്ഞ ഏകാന്ത വാസത്തില്‍
ഒരു രാജന്‍റെ മന്ദഹാസം .
നിഗൂഡാനന്ദങ്ങള്‍ക്കിടയില്‍ ഏകനായ്
ചതുരംഗക്കരുക്കള്‍ നീങ്ങുന്നു.

ഇന്നിന്റെ അഗ്നിയെ കാത്തുസൂക്ഷിക്കാന്‍ ,
നാളെയുടെ ചിറകുകളില്‍
തുടിപ്പാകുവാനും തളരാതെ
എണ്ണിയോടുന്ന വീരനൊരുവന്‍
വിയര്‍പ്പൊഴുക്കുമ്പോഴും
ചൂടുകായുന്നവന്‍,

പല ചെങ്കോലുകള്‍ ഒന്നായ്‌
നീട്ടി ആഞ്ജകള്‍
കാലങ്ങളില്‍ നിന്ന് കാലങ്ങളിലെക്ക്
പലയാനം.
എവിടെയും ഒരേനാമപ്പതാക.

തമസ്സിന്‍ തുരങ്കത്തില്‍ നിന്നും
ഇരുളും വെളിച്ചവും  വര്‍ണ്ണരേണുക്കളും
ധ്യാനിച്ചു കാണുന്നവന്‍ .
നീട്ടുന്ന ദണ്ഡില്‍  ഒഴുകുന്ന
വിവേചന ആലോചനകള്‍ .

രുചിക്കാതെ രുചിച്ചും പറയാതെ പറഞ്ഞും
കാണാതറിഞ്ഞും യോഗിയെപ്പോലവന്‍.
ഉദയാസ്തമയങ്ങള്‍ക്കിടയിലെ
സൂര്യനെപ്പോല്‍.

അവന്‍ തണുപ്പ തേടുമ്പോള്‍
തീകാഞ്ഞ മനുഷ്യനും മറിഞ്ഞു വീഴുന്നു.
നിഗൂഡതകള്‍ക്കിടയില്‍ ജന്മം തേടി
ഒരു പറവയുടെ ദേശാടന സമയമത്.

ഇന്നലെയുടെ ഒരു പൂവിതള്‍
പറ്റിയിരിക്കുന്ന ഒരു കല്ലറ ഞാന്‍ കാണുന്നു.
നാളെ മൂകതയുടെ കൊട്ടാരത്തിലേക്ക്
തുഴഞ്ഞടുക്കുമ്പോള്‍ എനിക്കുള്ള ഗേഹം.

അനന്തരാവിന്‍റെ കറുത്ത ഭീതി
ഒറ്റമുറിയിലെ പിറുപിറുക്കലിന്‍റെ
നേര്‍ക്ക് കൈനീട്ടുന്നു .
എങ്ങലുകളുടെയും മണിനാദങ്ങളുടെയും
അകമ്പടിയോടെ  ഒരു യാത്ര.

ഒരു അരയന്നം
ഇരുള്‍ത്തടാകത്തില്‍ നീന്തുന്നു .
മഞ്ഞുറഞ്ഞ കണ്ണുകളിലെ ഭാവം
എനിക്കന്യമാണ് .
ഒരു കറുത്ത കുതിരയുടെ
കുതിപ്പ്‌ ഞാനറിയുന്നു.
ബധിര ശില്പങ്ങളുടെ ഊറിച്ചിരിയും.
***************************************
(സോണി ഡിത്ത്)

2 comments:

  1. ഹൃദയമേ നീ തുടിക്ക കുതിരയുടെ വേഗതയില്‍ മാത്രമായി അരുതേ

    ReplyDelete
  2. തുടിപ്പ് നിലയ്ക്കാതിരിക്കട്ടെ .....വേഗം കൂടിയാലും

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "