Labels

5.20.2012

കണ്ണാടിച്ചിലന്തികള്‍_____________



കരിപുരണ്ട മച്ചില്‍
ഓര്‍മ്മകളുടെ മറാലക്കൂടുകള്‍.
കണ്ണാടിച്ചിലന്തികളുടെ ജീവനുകള്‍
വഹിച്ച  യന്ത്രഹൃദയങ്ങള്‍ പായുന്നു.

ചുരുളഴിഞ്ഞ കാലത്തിന്നിടയില്‍
പ്പെട്ട ചിലന്തികളുടെ പിന്‍ഗാമികള്‍ .
തീരെ സമയമില്ലെന്ന സന്ദേശങ്ങള്‍
കൈമാറുന്നു.

ചേരികള്‍ക്കും ശീതസൌധ-
ങ്ങള്‍ക്കുമിടയില്‍ പക്ഷഭേതമില്ലാതെ
ജീവവായുവിന്‍റെ ഔദാര്യം.

നിഴലുകളുടെ ഭാരം
അസ്വസ്ഥമാക്കിയ
ചിന്തകളുടെ അവകാശികള്‍
പരക്കം പായുന്ന രാപ്പകലുകള്‍.

നവരസങ്ങള്‍കൊണ്ട്
മുഖം മിനുക്കി
അഭിനവ നടനങ്ങളുടെ
അരങ്ങു കയ്യടക്കി ഒരു കൂട്ടം
പച്ചപ്പരിഷ്കാരികള്‍
ഷാംപൈന്‍ നുണഞ്ഞിറക്കുന്നു.

വിളറിയ വിശപ്പുകള്‍
ഇരുട്ട് തിന്ന് ആശ്വസിക്കുന്നു.
വെളിച്ചത്തു കുനിഞ്ഞ ശിരസ്സുകള്‍
മറ വീണ ചാലുകളില്‍
മുഖമുയര്‍ത്താന്‍ തിടുക്കം കൂട്ടുന്നു.

സൗകര്യപൂര്‍വ്വം
നട്ടെല്ലുകള്‍ നിവര്‍ത്തിയും വളച്ചും
മാന്യത കടം വാങ്ങുന്ന മഹാന്മാര്‍.
മോഹങ്ങള്‍ വിലയ്ക്ക് വാങ്ങി
മോഹഭംഗങ്ങള്‍  എറിയുന്ന തുരുമ്പിച്ച
സിംഹാസനങ്ങള്‍ .

അങ്ങകലെ പെരുംകടലിനെ
പ്രാപിക്കാന്‍ കഴിയാതൊരു
പുഴയുടെ ആത്മാവ് ഗതികിട്ടാതലയുന്നു.
കുമ്പിള്‍ വെള്ളത്തില്‍
മനുഷ്യാത്മാക്കള്‍ക്ക് ശാന്തി നേരുന്ന
മന്ത്രങ്ങളുടെ കണ്ണിറുക്കി ചിരി.

ചിലന്തികള്‍ ഇപ്പോഴും വലകള്‍
നെയ്തു കൊണ്ടിരിക്കുന്നു .
കടാക്ഷങ്ങളും മന്ദഹാസങ്ങളും
ഇരകൊരുത്തു ഒരു വേശ്യയെപ്പോല്‍.
*******************************************









No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "