5.07.2012

കവിത_______

******************************************************************************************************************************************************************
മനസ്സിന്‍റെ ഏതോ ഒരു
കോണില്‍ നിന്ന് തട്ടിത്തെറിച്ചു 
മാനം നോക്കുന്നതാണ്  കവിത.
മഞ്ഞുരുകും മലകളില്‍ 
കുഞ്ഞു സൂര്യന്‍റെ വികൃതിയാണത്.

തിളച്ചു മറിയുന്ന ലാവയുടെ ചൂട്‌ 
നെഞ്ചിലേറ്റിയ ഒരു കുഞ്ഞു 
കനലിന്‍ നീറ്റലാണതു.
മഴയും മണ്ണും  നോക്കി നെടുവീര്‍പ്പിടുന്ന 
ഒരുപിടി വിത്താണ് കവിത.

തെരുവുകളുടെ നൊമ്പരം 
കണ്ണ് നനച്ചപ്പോള്‍  ഹൃദയ 
രോക്ഷം പുനര്‍ജനിച്ചതാണ് കവിത.
കിരീടവും പാളത്തൊപ്പിയും 
തമ്മിലുള്ള അകലം കണ്ടറിഞ്ഞവന്‍റെ
അളവുകോലാണ് കവിത.

ചോരയും പ്രണയവും 
ഒരേ നിറം സ്വന്തമാക്കിയപ്പോള്‍, 
തൃഷ്ണകളുടെ മെയ്‌വഴക്കങ്ങള്‍ 
കണ്ടു നിന്നാണ് കവിത ജനിച്ചത്‌ .

കയങ്ങളില്‍ പെട്ടവന്‍റെ
നിലവിളിയാണത്.
ചിന്തകളുടെ  പ്രയാണം 
വഴികള്‍ തിരഞ്ഞപ്പോള്‍ 
ചെന്നെത്തിയ തുരുത്താണ് കവിത.

മാടപ്രാവുകളുടെയും  പ്രാപ്പിടിയന്‍ -
പക്ഷികളുടെയും ജീവിതം 
നോക്കിനിന്നപ്പോള്‍ പാറി വീണ  
തൂവലാണ് കവിത.
പനിനീര്‍ച്ചെടിയിലെ പൂക്കളും 
മുള്ളുകളും  പറഞ്ഞ കഥകള്‍ 
പകര്‍ത്തിപ്പോഴാണ് അവന്‍ കവിയായത്.

മുറിവിലൊഴുകിയ ചോരയെടുത്ത്
തൂലികയില്‍ നിറച്ചപ്പോള്‍ മോക്ഷം 
കിട്ടിയ കവിതയാണ് കവിയുടെ സ്വത്ത്.
************************************************