4.16.2012

ഒരില __________ഒരില __________

മുളയായ് കൂമ്പി
തളിരായ്‌
ഋതുമതിയായൊരില

ചില്ലമേല്‍ കാറ്റോടൊന്നായ്‌
നൃത്തമാടിയവള്‍
അവന്റെ ഇക്കിളിയില്‍
 പൊട്ടിച്ചിരിച്ചുലഞ്ഞവള്‍                                                                                                                                                                         പിറവിയുടെ നിഗൂഢത
പേറി കര്‍മ്മം ചെയ്തവള്‍
നിറവ്യത്യാസങ്ങള്‍
ലക്ഷ്യത്തിലെത്തിക്കാന്‍
മത്സരിച്ചപ്പോളും
വേരുകളെ പ്രണയിച്ചവള്‍

വെച്ച് വിളമ്പി ഊട്ടുന്ന
ഒരമ്മയുടെ ,ഒരു പെണ്ണിന്‍റെ
മുഖമായിരുന്നു അവള്‍ക്ക്  ,

മണ്ണിന്റെ ആത്മാവിലേക്ക്
ഉതിരുമ്പോള്‍
യാത്രാമൊഴിയായ്‌
കണ്ണീരുപോലും അന്യമായവള്‍
കരിയില എന്ന നാമം
പതിച്ചു കിട്ടി കാറ്റിനൊപ്പം
മോക്ഷത്തിലേക്ക്

ഒരു നെടുവീര്‍പ്പ്
ഒന്നായ്‌ പിന്നെ
ഒന്നൊന്നായ്‌ കൊഴിയുന്ന
ഒറ്റയിലകള്‍.