4.17.2012

കാഴ്ചദൂരം _______________

ഒരു താക്കോല്‍പഴുതിലൂടെ
പുറം ലോകം നിന്‍റെ
കണ്ണുകളില്‍ ചുരുങ്ങുന്നു.

കാഴ്ചക്കും കണ്ണുകള്‍ക്കും ഇടയിലെ
ഒരു കാഴ്ചദൂരം മാത്രം
നിന്‍റെ അസ്തിത്വം .

നാവും കാതുകളും
കയ്മാറുന്ന തരംഗങ്ങളള്‍
നിനക്കായ്‌ ദൂതുപോകുന്നു.

ഇന്നലകളെ കടമെടുത്തു
ഇന്നില്‍ ജീവിവിക്കുന്ന
ഒരു ജപ്തിമുതല്‍ നീ.

ഓരോ പിറവിയുടെ
നിഷ്കളങ്കതയ്ക്കും നീ
ജാമ്യമാവുക .

പച്ചപ്പും പ്രകൃതിയും
മേച്ചു  നീ പലിശയൊടുക്കുക
മൂല്യങ്ങള്‍ നട്ടു നനവേകുക.

 മൌനത്തിന്‍ ശൂന്യത
 നിന്നെ കാത്ത്,മുഖം മറയ്ക്കാന്‍
 തൂവാല നെയ്യുന്നത് നീ ഓര്‍ക്കുക.

ഉയിര്‍ ജപ്തിയാകും മുന്‍പെ
ജീവിച്ചു തീര്‍ക്കുവാന്‍
നീ സൂചിക്കുഴയിലൂടെ കടക്കുക.

പിഴവുകളില്‍ തെന്നാതെ
നീട്ടിയ കയ്കള്‍ തട്ടിമാറ്റാതെ
മനസ്സാക്ഷി നീ കൂടെക്കരുതുക.

പ്രപഞ്ചമരീചിക താണ്ടി
ബിബം തെളിയാ നിലക്കണ്ണാടിയിലേക്ക്‌
നീ എത്തിനോക്കുന്ന നാഴിക വരും.

നിന്റെതല്ലാത്ത തോപ്പുകളും
വെണ്ണക്കല്‍ കൊട്ടാരങ്ങളും
നീയെത്രയിനി ചേര്‍ത്തുപിടിക്കും.

നിനക്കായ്‌ പതിച്ചു കിട്ടുന്ന
ആറടി മണ്ണിന്‍റെ തല്ക്കാല
അവകാശിയാണ് നീ

നിന്റേതു മാത്രമായ
ഏകാന്തത യജമാനനെ
തേടിയലയുന്നതും
അറിയുന്നോ നീ.....?