Labels

4.16.2012

മൌന ജീവിതം കൂടണയുമ്പോള്‍ ___________


പടര്‍ന്നുമങ്ങിയ നിറക്കൂട്ടില്‍
നിശബ്ദമായുറങ്ങുന്നു ബാല്യം .
കാലത്തില്‍ കളഞ്ഞുപോയ
സ്വര്‍ണ്ണക്കൊലുസ്സ് തിരയുന്ന
ഗൃഹാതുരത്വം.

ഇറ്റു വീഴുമോരോ തുള്ളിയും ,
മണ്ണോടിണചേര്‍ന്നു ,
പുതു നാമ്പിനുയിര്‍കൊടുപ്പാന്‍.
മനസ്സുരുവിടും മന്ത്രസ്വനം
ആന്ദോളനമായ്‌ ഹൃദയ ഭിത്തികളില്‍

ഇതള്‍ കൂമ്പിയ പൂവിന്‍ മൌനം ,
അല്പായുസ്സിലേക്ക് വിടരും മുന്‍പൊരു,
പ്രാര്‍ത്ഥനയെന്നു നീയറിയുന്നുവോ ..?
ഗര്‍ഭനിശബ്ദതയില്‍ നീ -
അമ്മാനമാടിയ മൌനം ,
ഇന്നും നിനക്ക് കൂട്ടെന്നതും മിഥ്യയോ ..?

ഒരു ഘടികാരസൂചിയില്‍ തളര്‍ന്നോടുന്ന
കാലം കണക്കെ നിന്‍ ജീവിതവും
തുടക്കങ്ങളിലേക്ക് പലപ്പോഴായ്‌
കൊതിച്ചെത്തി നോട്ടമാകുന്നു.

നിരയൊത്ത പക്ഷികള്‍
വിരിഞ്ഞും ചുരുങ്ങിയും പറക്കുന്നപോല്‍
നിന്നുടെ ജീവിതവും
നീണ്ടും ചുരുങ്ങിയും കൂടണയുമൊരുനാള്‍.

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "