4.30.2012

മോഹഭംഗം_____________

ചുവരുകളുടെ മൌനം
അസ്വസ്ഥമാക്കിയ ദിനങ്ങള്‍
ചതുരാകാശക്കീറില്‍ സ്വപ്‌നങ്ങള്‍
പാവക്കൂത്താടി മോഹിപ്പിച്ചു
മോഹഭംഗങ്ങളുടെ ഏകാന്തത
തേങ്ങലലകള്‍ തീര്‍ത്ത ആഴിമാനസം.

കൂട്ടിനെത്തിയ വെള്ളരിപ്രാവുകള്‍ക്കും
എന്നോട്  കെറുവാണോ?
അവയുടെ മുറുമുറുപ്പിന് മൂര്‍ച്ചപോലെ
മുട്ടയില്‍ അടയിരുന്ന് പറ്റിക്കുന്നു
നാറാണത്തുഭ്രാന്തന്‍ കണക്കെ
മുട്ടകള്‍ ഉരുട്ടി താഴോട്ടിട്ടു കുറുകുന്നവ
ഒരു പകരം വീട്ടല്‍ പോലെ .

നിശബ്ദതയില്‍ കൂടുകൂട്ടി
മയങ്ങി ഞാന്‍ പലപ്പോഴും
ഇരുട്ടിന്‍റെ ഔദാര്യത്തില്‍ കളഞ്ഞു
കിട്ടിയ നിമിഷങ്ങള്‍ വര്‍ണ്ണക്കമ്പളം
നെയ്തു തീര്‍ത്തു ഞാനും.

തലോടലുകള്‍ ആര്‍ത്തിയോടെ
മൊത്തിക്കുടിച്ചു
മഴവില്ലിന്‍ ആയുസ്സുള്ള കുറെ
മണിമുത്തുകള്‍
സൂര്യശാപം കിട്ടിയ വനദേവതയുടെ
അജ്ഞാതവാസം .

സ്നേഹത്തുടിപ്പ്‌ സമ്മാനിച്ചു
കാരുണ്യവാന്‍ ചമഞ്ഞു തമ്പുരാനും
അമ്പരപ്പ്‌ ആഹ്ലാദത്തിനു വഴിയൊതുങ്ങി
നനഞ്ഞ ചിറകിനു പറക്കുവാന്‍
വരം വീണ്ടുകിട്ടിയ ഇടവേള

ആകാശപ്പറവയുടെ ഉദരത്തില്‍
ഒരു സ്വപ്നസഞ്ചാരം
തീരം തഴുകും തിരപോല്‍ ചിന്തകള്‍
വിരുന്നെത്തിയ കനവുകള്‍
കുഞ്ഞുടുപ്പിന്‍ വര്‍ണ്ണക്കുപ്പായം
നിരത്തി കൊതിപ്പിച്ച രാപ്പകലുകള്‍

കണ്ണുംനട്ട് പാലപ്പുഞ്ചിരികണിക്കായ്‌
അക്ഷമ തീര്‍ത്ത തടവറയില്‍ ഉരുകി .
യാത്രാമൊഴിപോലും അന്യമാക്കി
ഗദ്ഗദം മാത്രം ഊരിയെറിഞ്ഞു
കുഞ്ഞു ജീവന്‍റെ ഒളിച്ചോട്ടം .

അവനും എന്നോട് പരിഭവമായിരുന്നോ?
എന്‍റെ വെള്ളരിപ്രാവുകളെ പോലെ
അറിയില്ല എനിക്കിപ്പോഴും ,


ഇടയ്ക്കിടെ മനസ്സുവിങ്ങുമ്പോളെല്ലാം
ഇപ്പോഴും ഒരു പൊട്ടിച്ചിരി കേള്‍ക്കാറുണ്ട്
എന്‍റെ തേങ്ങലിനെക്കാള്‍ ഉയരത്തില്‍
ഒരു നാറാണത്തു ഭ്രാന്തന്‍റെ അട്ടഹാസം,,,,,,