4.24.2012

മഴക്കുരുന്ന്‍_____________

അരിപ്പയില്‍ അടിഞ്ഞ പാഴ്പോല്‍
ചിന്തകള്‍ അലസമായിക്കിടക്കുന്നു,
മഴക്കുരുന്നൊന്നു
ഭൂമിയില്‍ വന്നതിന്‍റെ അനക്കം

മഴത്തുള്ളികളോടൊത്തു കളിക്കുന്ന കാറ്റ്
കണ്ണില്‍ തിരയിളക്കവുമായ്‌ ആ കുഞ്ഞും
തടുക്കുന്ന കണ്ണേറില്‍
തളച്ചിട്ടതിന്റെ വേലിയേറ്റം

മഴ തുള്ളി തുള്ളി
ആനന്ദം പങ്കുവയ്ക്കുമ്പോള്‍
കൂടാന്‍ കൊതിച്ചത് അവന്‍റെ തെറ്റോ..
നക്ഷത്രം കണക്കെ കണ്ണ്ചിമ്മി പരിഭവം
ജീവിതത്തിന്‍റെ അനന്തതയില്‍
കാലെടുത്തു വയ്ക്കുമ്പോള്‍ അവനും
എന്നെപോല്‍ തിരിഞ്ഞു നോക്കും..
 അന്നേരം

ഓര്‍മ്മചെപ്പിലെ മുത്തായ്‌ ചേര്‍ക്കാന്‍
ഈ നിമിഷങ്ങള്‍ ഞാനവനൊന്നു
കടംകൊടുത്താലെന്താ.. ?
അവനും വേണ്ടേ
ഒരു പിടി മഴയോര്‍മ്മകള്‍

പലപ്പോഴായ്‌ ഞാനും
കട്ടെടുത്തതല്ലേ ഈ തുള്ളികളെ
പിന്നെന്തിനു ചിന്ത
വിരിഞ്ഞ ചിരിയെറിഞ്ഞു സമ്മാനം
കണ്ണിന്‍ ചുംബനങ്ങള്‍ മിഴിനനവായ്‌
ഞാന്‍ ഏറ്റുവാങ്ങി


പീലിവിടര്‍ത്തിയ മയിലാനന്ദത്തില്‍
ആ തുള്ളികളോട് കിന്നാരം
പറയുകയായിരുന്നു ആ കുരുന്നപ്പോള്‍
നിറം പൂശിയ ഒരു സ്വപ്നം
അവനു തുറന്നു കൊടുത്തു
ഇനി ഞാനും
ആ മഴക്കുരുന്നിനെ
ഒന്ന് കെട്ടിപ്പിടിക്കട്ടെ.........