4.24.2012

മഴക്കുരുന്ന്‍ _________@


അരിപ്പയില്‍ അടിഞ്ഞ പാഴ്പോല്‍
ചിന്തകള്‍ അലസമായിക്കിടക്കുന്നു,
മഴക്കുരുന്നൊന്നു
ഭൂമിയില്‍ വന്നതിന്‍റെ അനക്കം.

നീര്‍ത്തുള്ളികളും കാറ്റും
കുഞ്ഞുകണ്ണുകളില്‍ തിരയിളക്കം
തടുക്കുന്ന കണ്ണേറില്‍
തളച്ചിട്ടതിന്‍റെ വേലിയേറ്റം

തുള്ളി തുള്ളി മാടിവിളിക്കുന്ന
മഴയോട്,കൂട്ടുകൂടാന്‍ കൊതിച്ച്.
നക്ഷത്രകണ്ണിന്‍ പരിഭവം

താണ്ടുന്ന ജീവിതദൂര
ഇടവേളയില്‍ അവനും
തിരിഞ്ഞു നോട്ടം നടത്തും
അന്നേരം
വര്‍ണ്ണ നൂലിലെ
മുത്തോടൊന്നാക്കാന്‍
ഈ നിമിഷങ്ങള്‍ ഞാനവനൊന്നു
കടം കൊടുക്കട്ടെ
ഒരുപിടി മഴയോര്‍മ്മകള്‍ .

ഞാന്‍ കട്ടെടുത്ത തുള്ളികള്‍
എന്നെ തൊട്ടുണര്‍ത്തി
ഓര്‍മ്മിപ്പിച്ചപോലെ..

വിരിഞ്ഞ ചിരിയെറിഞ്ഞു
മിഴിച്ചുംബനങ്ങള്‍ തന്ന്
മയിലാനന്ദം പീലിവിടര്‍ത്തി
അവനില്‍

മഴയോട് കിന്നാരം
പറയുകയായിരുന്നു ആ കുരുന്ന്
നിറം പൂശിയ സ്വപ്നം
അവനിപ്പോള്‍ സ്വന്തം
ചാറ്റല്‍ കുളിരില്‍ ഞാനും
ആ മഴക്കുരുന്നിനെ ഒന്ന്
കെട്ടിപ്പിടിക്കട്ടെ ........