4.19.2012

_____കാഴ്ചകള്‍ ______

നോക്കുകുത്തിക്ക്
കൂട്ടിരിക്കുന്നു
വിത്തെറിഞ്ഞ ഒരാള്‍

പക്ഷിക്കൂട്ടില്‍ ഒരു
കുഞ്ഞു കിളി കരയുന്നു
താഴെ വീഴുന്ന സൂര്യന്‍

ശവത്തിന്‍റെ വിശ്രമത്തിനു
കാവല്‍ നില്‍ക്കുന്നു
ഒരു ശവം നാറിപ്പൂ

ആകാശ കീറു കൊണ്ട്
ഓട്ടയടച്ച കുടിലില്‍
ചാരത്തില്‍ ഉറങ്ങുന്നു ഒരു പൂച്ച

മുഖം മറച്ച നിഴലുകള്‍
തെരുവുകളില്‍ ചുംബനങ്ങള്‍
വിലയ്ക്കുവാങ്ങുന്നു

വറചട്ടിയില്‍ പ്രണയിക്കുന്നു
നിലക്കടലയും മണല്‍ത്തരികളും
പ്രണയ ഗന്ധവും

നക്ഷത്രങ്ങളുടെ എണ്ണം നോക്കി
ഉറങ്ങാതിരിക്കുന്നു
ഒരു മൂങ്ങ

വടം വലിയില്‍ തോറ്റതു
തിരിയോ മെഴുകോ
ചിന്തിച്ചിരിക്കുന്നു ഇരുട്ട്

കാക്കതൊള്ളായിരം കണ്ണുകള്‍
ഇരുട്ടില്‍ ഒളിഞ്ഞു നോക്കുന്നു
താഴെ ഉറങ്ങുന്നു ഭൂമി

പകലിനെ പെറ്റവള്‍
കുഞ്ഞിനെ ക്കാണാതെ
മരിക്കുകയായ്‌

ഇനിയും കാഴ്ചകള്‍
കാണുവാന്‍ എനിക്കും
ഒരിത്തിരി വിശ്രമം .