4.05.2012

പനിച്ചപ്പോള്‍ തോന്നിയത്..


ചുക്ക്കാപ്പിയുടെ ചൂടിനെ
കൊഞ്ഞനം കുത്തുന്നു
പനിയുടെ അഹങ്കാരം

കാര്‍മേഘപ്പറ്റം
ആട്ടിത്തെളിച്ച് വരുന്നൊരു
കാലിചെറുക്കന്‍ കാറ്റ്

ചില്ലുതോണിയില്‍
നീര്‍ത്തുള്ളികളുടെ സഞ്ചാരം
ജീവിതം

പുളിയുറുമ്പിന്‍ കടിയില്‍
പിറുപിറുക്കുന്നു
ഗാന്ധിയന്‍

കടന്നുപോകുന്നു ഋതുക്കള്‍
കണ്‍കളില്‍ എങ്കിലും
ഹൃദയമുറങ്ങും കാലമറിയാതെ ഞാന്‍

പുഴയെ ചുംബിക്കുവാനാഞ്ഞു
നില്‍ക്കുന്നൊരു
വൃക്ഷ സുന്ദരന്‍.