4.11.2012

പുനര്‍ജ്ജനി...


പുനര്‍ജ്ജനി _______

നിറചിരിയുടെ യാത്രാമൊഴിയില്‍
കല്ലിച്ച അടയാളമായ്‌ ചുണ്ടുകള്‍
തെരുവിന്‍റെ ഞെരമ്പില്‍
മുഖംമൂടികളുടെ ചൂതാട്ടം.

സുഗന്ധം തേടി നിരതെറ്റി
വണ്ടുകള്‍ പറക്കയായ്‌
സൃഗാരച്ചിരി മെനയുന്നു പൂക്കളും
നിഷ്കളങ്കത പണയം വച്ച്
പൂമൊട്ടുകളുടെ നാട്ട്യം
വേരില്ലാ മരങ്ങളും
പൂത്തുലയുന്ന മൂവന്തികള്‍

കാഴ്ചകളുടെ സാക്ഷികള്‍
എന്നും പുനര്‍ജ്ജനി നൂണ്ട്
കറകളഞ്ഞ ഭാവേന
കണ്ണുതുറന്ന് നോക്കുകുത്തികളാകുന്നു

ഈരിഴത്തോര്‍തിന്‍ ആര്‍ഭാടത്തില്‍
തെരുവില്‍ കയ്നീട്ടുന്ന ബാല്യങ്ങള്‍ ,
ഉറുമ്പരിച്ച നീറ്റലുകള്‍
ദൈന്യമായ്‌ കേഴുന്നു
വിലയില്ലാ നാണയജന്മങ്ങള്‍ ,

സ്വപ്നം പോലും സ്വന്തമായില്ലാ
ബലിച്ചോറും അന്യമായ
രൂപങ്ങള്‍ ഇഴയുന്ന പകലുകള്‍
എച്ചിലില്‍ അന്നം തിരയുന്നു
അലയുന്ന നായ്ക്കള്‍ക്കൊപ്പം

പൊള്ളുന്ന ചൂടില്‍
പൊരുതി ജയിക്കുവാന്‍
വേനല്‍ മഴ പോലും
കനിയാത്ത നിലങ്ങളായ്‌ പലരും

തീറ്റ കഴിഞ്ഞു മെത്തയിലുറങ്ങുന്നു
ഇന്നാട്ടുകാരനല്ലാത്തോരാ
മാര്‍ജ്ജാരസന്തതി
കുടവയറിന്നടിയില്‍ സ്വപാദം
കാണാതൊരുവന്റെ ഏമ്പക്കം.