12.07.2011

കുത്തിക്കുറിക്കലുകള്‍--പറയാതെ പോയ പ്രണയം __

__________________________
പറയാതെ പോയ പ്രണയം __
___________________
സത്യം വന്നു 
വിളിച്ചവന്റെ 
വീട്ടില്‍ കൂട്ടക്കരച്ചില്‍

കുഴിമാടത്തില്‍ 
തേങ്ങിക്കരഞ്ഞവള്‍
അവനു അപരിചിത

_________________________

ഓര്‍മ്മകള്‍ ___
__________________________
എന്‍റെ ബാല്യവും കൊണ്ട് 
പാറിനടക്കുന്നു 
ഒരു അപ്പൂപ്പന്‍താടി

ഒരു മരം 
എന്നെ നോക്കി 
ഇലപൊഴിക്കുന്നു

ആറടി മണ്ണ് 
കാത്തിരിക്കുന്നു 
ഒരു രാജാവിനെ

ഇലതുമ്പിലെ 
ജലകണം 
ജീവിതം ,ജീവനും

_______________________
കാഴ്ചകള്‍ ______
_______________________
നോക്കുകുത്തിക്ക് 
കൂട്ടിരിക്കുന്നു 
വിത്തെറിഞ്ഞ ഒരുവന്‍ 

പക്ഷിക്കൂട്ടില്‍ ഒരു 
കുഞ്ഞു കിളി കരയുന്നു 
താഴെ വീഴുന്ന സൂര്യന്‍

ശവത്തിന്‍റെ വിശ്രമത്തിനു 
കാവല്‍ നില്‍ക്കുന്നു 
ഒരു ശവം നാറിപ്പൂ

ആകാശ കീറു കൊണ്ട് 
ഓട്ടയടച്ച കുടിലില്‍
ചാരത്തില്‍ ഉറങ്ങുന്നു ഒരു പൂച്ച

മുഖം മറച്ച നിഴലുകള്‍ 
തെരുവുകളില്‍ ചുംബനങ്ങള്‍ 
വിലയ്ക്കുവാങ്ങുന്നു

വറചട്ടിയില്‍ പ്രണയിക്കുന്നു 
നിലക്കടലയും മണല്‍ത്തരികളും
പ്രണയ ഗന്ധവും 

നക്ഷത്രങ്ങളുടെ എണ്ണം നോക്കി 
ഉറങ്ങാതിരിക്കുന്നു 
ഒരു മൂങ്ങ

വടം വലിയില്‍ തോറ്റതു 
തിരിയോ മെഴുകോ 
ചിന്തിച്ചിരിക്കുന്നു ഇരുട്ട്

കാക്കതൊള്ളായിരം കണ്ണുകള്‍ 
ഇരുട്ടില്‍ ഒളിഞ്ഞു നോക്കുന്നു 
താഴെ ഉറങ്ങുന്നു ഭൂമി

പകലിനെ പെറ്റവള്‍ 
കുഞ്ഞിനെ ക്കാണാതെ
മരിക്കുകയായ്‌ 

ഇനിയും കാഴ്ചകള്‍ 
കാണുവാന്‍ എനിക്കും 
ഒരിത്തിരി വിശ്രമം .