Labels

9.10.2020

വാലുമ്മെ പുള്ളീള്ള ഓർമ്മകൾ

 https://wtplive.in/Kavitha/sony-dith-poem-valumme-pulleella-ormakal-852?fbclid=IwAR32Ayell3WbQwYGWwgk7qyezicdXhSvltlNblb5puTJCeXqBN7yMOhhLXo

വാലുമ്മെ പുള്ളീള്ള ഓർമ്മകൾ
********************************************
കണ്ടത്തീന്ന് പെറുക്കിയ 
താറാമുട്ടേം കയ്യേപ്പിടിച്ച്     
തോര്‍ത്തും തുമ്പോണ്ട് 
മോന്തേം കഴുത്തും നെഞ്ചുംകൂടും 
ആകപ്പാടെ വീശിയൊപ്പി 
പാടത്തൂന്ന് ഒരു വരവാണ് പൊറിഞ്ച്വാപ്ല
മീനോൾക്ക്ളള ഞവണിക്കകളെ ഒക്കെം കൂടി 
അലെക്കെല്ലിന്‍റെ അടുത്തുള്ള 
പൊട്ട്യ ചട്ടീലിട്ട്
കോഴിമൊട്ട ആകൃതീല്‍ ഉള്ള കിണറ്റുംകരെന്നു  
രണ്ടുതൊട്ടി വെള്ളോം കോരി കാലുംമ്മേം ഒഴിച്ച് 
മുട്ടോളം വരെ  കയ്യുംകഴുകി  
ഉച്ചക്കല്‍ത്തെ ചോറും കിണ്ണത്തിന്‍റെ അടുത്തെത്തും .

മേര്യെടത്തി ആണേല്‍ അപ്പഴേക്കും 
പറമ്പീന്നു കോമാങ്ങ പെറുക്കാന്‍ പോയപ്പോ 
ഇറുത്തോണ്ടു പോന്ന ചേമ്പിന്‍ താളും 
ചെത്തിക്കാടിന്റെ അടുത്ത് ചോന്നു നിക്കണ 
കാന്താരീമ്മത്തെ മൂത്തോരേം കൂടി ഇട്ട 
പരിപ്പിന്റെ ചൂടുള്ള ആ പുളിങ്കറീം 
ഒണക്കമാന്തള് മുളൊകൊക്കെട്ട് വർത്തതും 
കടച്ചക്കുപ്പേരീം 
കണ്ണ്യാങ്ങയും കാന്താരീം 
ഉള്ളീം ഉപ്പുംകല്ലും കൂട്ടിയരച്ചതും  
കൂടെ തൊട്ടുനക്കാന്‍ അടുത്ത് കൊണ്ടൊന്നു വക്കും .

പര്യാപ്പൊറത്തെ തിണ്ണേടെ ബെഞ്ച്‌മ്മേ ഇരുന്നുള്ള 
ആ ഉരുളയുരുട്ടിയുള്ള കഴിപ്പ്‌ കാണുന്നതെ സുഖാണ് 
അവസാനം  ഉണ്ടെണീക്കുമ്പോ
ചമ്മന്തീടെ എരൂനെ നാക്കീത്തേച്ച് 
ഒരെരുവിളിയുണ്ട് ശ്ശ്ശ്ശ് ന്നും നീട്ടിയൊന്ന് ..

പിന്ന്യങ്ങട് പാടത്തേക്ക് തുറക്കണ 
നടെലകത്ത്മ്മത്തെ കട്ടില്മ്മേ  ചരിഞ്ഞു കിടക്കുമ്പോ
ഉമ്മര്‍ത്തെ കവുങ്ങുംമ്മേന്ന് വീണുകിട്ടിയ പാള 
കയ്യെപ്പിടിക്കാൻ പാകത്തി ചെത്തിയ 
പാളവിശറീം കൂടെണ്ടാവും .

പിള്ളേരും പിന്നെ 
കാക്കേം കോഴീം ഒക്കെ തിന്നേനു ശേഷം 
വാതില്‍ന്റെ നേരെ ഒരു പുല്ലായേം വിരിച്ചു 
കാവടി പോലെ കായ്ച്ചു നിക്കണ 
ചാമ്പേരെ അവ്ടക്ക് തലേംവച്ച്
പാടത്തെ ഉച്ചക്കാറ്റും കൊണ്ട്  മേര്യെടത്തിയും
ഇത്തിരി നേരം കണ്ണടക്കും .

ആ  ഉച്ചകള്‍ക്കൊക്കെ അവനവൻ മണങ്ങൾണ്ടാരുന്നു 
പുഴുങ്ങിയ നെല്ലിന്റെ മണോള്ള,
പരമ്പിൽ പരത്തിയ കൊപ്രോൾടെ മണോള്ള , 
വക്കോത്തുറുന്‍റടീയിൽ 
കോഴ്യോള് ചിക്കുേന്നേന്‍റെ  മണോള്ള,
പിന്നെ ചക്കരമാങ്ങച്ചൊണേടെ മണള്ള 
ഓരോരോ ഉച്ചോള് ...

കാട്കേറിയ  
ഓർമ്മോളങ്ങനെ വിരുന്നുവരുമ്പോ
കാലത്തിലേക്കുറങ്ങിപ്പോയോരാരും 
മടങ്ങിവരില്ല്യന്ന സങ്കടത്തെ
ഒരു കവണേൽ കൊരുത്ത്  ഞാനങ്ങട് വലിച്ചാവിടും 
പിന്നെപ്പമ്മിപ്പത്ങ്ങി,
ഓർക്കാൻ ആരൂല്ല്യാത്തൊരു 
ഓർമ്മേടെ കനത്തില് കെട്ടീട്ട 
ഒരു പുള്ളിവാലൻ തുമ്പിയാവും,
വടക്കോർത്തെ തൊഴുത്തീന്നപ്പോ
അമ്മിണിപ്പയ്യ്  അയ്ന്‍റെ  
നെറ്റീമ്മെ വെള്ളച്ചുട്ടീള്ള ക്ടാവിനെ 
നക്കിത്തോർത്തി 
വാത്സല്യത്തോടൊന്ന് നീട്ടിക്കരയും.



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "