Labels

5.19.2019

കതിരും പതിരും


ഒരാള്‍ മടങ്ങിപ്പോകുമ്പോള്‍ 
ശൂന്യതയെന്തെന്നു നാമറിയുന്നു 
ഒരപൂര്‍ണ്ണ ശില്‍പ്പം പോലെ 
ജീവിതത്തിലപ്പോള്‍ ബാക്കിയാകുന്നു 
മറ്റൊരാള്‍ .
***********************************
കൂടൊരുക്കാന്‍ തീക്കനല്‍ കൊണ്ടുപോയ
പക്ഷിയെപ്പോലെയാണ് മനുഷ്യര്‍
പൂര്‍ണ്ണതയുള്ള ഒന്നുപോലും എത്രവേഗം
ചാരവും ഓര്‍മ്മയും ആകുന്നെന്നു നോക്കൂ .
************************************
ആയിരത്തൊന്ന്
അത്തറു പൂശിയെന്നാലും
അസഹ്യമാണ്
മതദേഹങ്ങളുടെ
വായ്നാറ്റവും വിയര്‍പ്പു നാറ്റവും
ഉണ്ടു നിറഞ്ഞവന്‍റെ കീഴ്ശ്വാസം പോലെയുമവ
എല്ലാ സുഗന്ധങ്ങള്‍ക്ക് മീതെയും
തങ്ങി നില്‍ക്കുന്നു .
*************************************
രക്തത്തിന്‍റെ നിറമല്ല എന്‍റെ അവസാനവാക്ക്
ജീവനുള്ള ശിഖരത്തില്‍ നിന്നും
രണ്ടിലകള്‍ കൂമ്പിയുണര്‍ന്നു
ലോകത്തോട്‌ അഭിവാദ്യം പറയുന്ന
നിശബ്ദതയെ
എന്‍റെ ശ്വാസം കൊണ്ട് തൊട്ടു നോക്കുന്നുണ്ട് .
**********************************
നിലാവൊഴുകുന്നു എന്ന് നിങ്ങള്‍ പാടുന്നു
സ്വര്‍ണ്ണ നിറമുള്ള വയലുകള്‍ക്ക് മീതെ
ഒരു കന്യകയുടെ മിനുസമുള്ള
നിശാവസ്ത്രം പോലത്
പ്രണയിക്കുന്നവനെ ഭ്രമിപ്പിക്കുന്നു .
**********************************
ഉറവകള്‍ അതിന്‍റെ
ഗര്‍ഭപാത്രത്തിലിരുന്നു പാട്ട് പാടുന്നു
അരുവികളായി നാമത് കേട്ടൊഴുകുന്നു ,
നമുക്കിടയില്‍ ഒരു കാടിന്‍റെ ഗന്ധം കൊരുക്കുന്നു.
***********************************
പ്രിയപ്പെട്ടവനെ ,
ആത്മാവില്ലാത്ത പ്രണയം ഞാന്‍ സ്വീകരിക്കുകയില്ല
നിറമുള്ള ഇലകള്‍ പൊതിഞ്ഞെന്നാലും
ഉടലില്‍ മുള്ളുകള്‍ ഒളിപ്പിച്ചതും
വസന്തം അന്യമായതുമായ ഒരു
പൂമരം പോലെയാണ് അവയെന്ന് ഞാനറിയുന്നു .
ഒരിക്കലും
കൃത്രിമമായ ഒരു തെരുവില്‍
വിലയ്ക്കു വക്കില്ല ഞാനെന്നെ എന്ന്
ജീവിതത്തിനു വാക്ക് കൊടുത്തിട്ടുണ്ട് .
***********************************
കവിത ഒരേ സമയം
ഉടുത്തൊരുങ്ങി നില്‍ക്കുന്നതും നഗ്നവുമാണ്
ആകാശമോ ഭൂമിയോ ഇല്ലാത്ത വാക്കുകളെ
നിങ്ങളവിടെ കണ്ടുമുട്ടിയേക്കാം ,
അതിനെ ആശ്ലെഷിക്കുക പിന്നെ
നിങ്ങളിലെയ്ക്ക് മടങ്ങിപ്പോകുക 

1 comment:

  1. നിങ്ങൾ എത്ര സുന്ദരമായാണ് എഴുതുന്നത്..ദൈവം നിങ്ങൾക്ക് നല്ല പ്രണയം തന്നിരിക്കുന്നു.. അനുഭവങ്ങൾക്ക് ningaludeനിങ്ങളുടെ എഴുത്തുകൾ നിവേദ്യമാകട്ടെ !! ആശംസകൾ

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "