Labels

9.11.2018

സത്യത്തിന്‍റെ ഒറ്റക്കണ്ണ്‍ -എഴുത്ത് മാസികയില്‍ വന്ന കവിത


ഉറക്കമുണരുമ്പോള്‍
അവന്‍റെ ജാലകച്ചതുരത്തിനുള്ളില്‍
രണ്ടിണപ്പ്രാവുകള്‍ ചിറകുമിനുക്കുന്നു .
സൂര്യന്‍ അതിന്‍റെ തീയും കൊണ്ട്
കിഴക്ക് നിന്നും പടിഞ്ഞാറുള്ള വീട്ടിലേക്ക്
ഓട്ടം തുടങ്ങുന്നു .
ഘടികാരസൂചികള്‍ അതിനൊപ്പം തലയാട്ടിക്കൊണ്ട്
പതിവ് നടത്തം തുടരുന്നു .
നാമപ്പോള്‍ പുതപ്പുകളില്‍ നിന്നും പുറത്തിറങ്ങിയ മനുഷ്യരാകുന്നു .
മഴ തന്റെ താളം കൊണ്ട് ഒരു കാലം നനയ്ക്കുന്നു
വസന്തം വഴി നീളെ പൂക്കളെയും
കിളിയൊച്ചകളെയും തന്നു പോകുന്നു .
മഞ്ഞ് തന്റെ ഭാഷയെ
തണുപ്പെന്നു പരിഭാഷപ്പെടുത്തുവാന്‍
ഒരു കാലത്തെ പഠിപ്പിക്കുന്നു .
വേനല്‍ തന്‍റെ നഗ്നനൃത്തത്തോടെ
ഒരുകാലത്തെ ചുട്ടെടുക്കുന്നു .
ഋതുക്കളിങ്ങനെ വന്നുപോകുമ്പോള്‍
ഓരോ വഴിയെ ഓരോ മരത്തെ ഓരോ പുഴയെ
ഓരോരോ മനുഷ്യനെ
നനച്ചും തളിര്‍പ്പിച്ചും ദാഹിപ്പിച്ചും കൊഴിച്ചും
കടന്നുപോകുന്നു .
പ്രകൃതി എല്ലാം തന്നിലേക്കാവാഹിക്കുന്നു ,
അതിന്‍റെ രുചിയും മണവും നിറവുമെല്ലാം
ഓരോ ഋതുക്കളും പകുത്തെടുക്കുന്നു .
മനുഷ്യനോ എല്ലാം ഓടിനടന്നു തന്റെതാക്കുന്നു
എങ്കിലും അവനൊട്ടും നേടുന്നെയില്ലെന്നു
മറന്നേപോകുന്നു .
അവന്റെ ഉറക്കമോ ഉണര്‍വ്വോ പോലും
അവനു സ്വന്തവുമല്ല .
ജീവിതവൃത്തത്തിനുള്ളില്‍
അകപ്പെട്ടുപോയവന്റെ പ്രദക്ഷിണം
എത്രകാതം പൂര്‍ത്തിയാക്കുമെന്നറിയാത്ത
ജ്ഞാനിയാണവന്‍ .
ഒരു പുഞ്ചിരിയോ കരച്ചിലോ
എത്ര പിശുക്കിയാണവന്‍ പുറത്തെടുക്കുന്നത്
തന്റെ വിളക്കില്‍ നിന്നും അടുത്തവന്റെ വിളക്കിലെക്ക്
വെളിച്ചത്തെ തൊട്ടു കൊടുക്കാന്‍ പോലും
ഇഷ്ടമില്ലാത്ത അത്രയുമവന്‍ മടിയനായിരിക്കുന്നു .
അവന്റെ മനസ്സ്
ഉടയാടകള്‍ ഇടുവിച്ച ഏതോ പാവയാണ് .
താനെന്താണോ അതല്ലെന്നു അവന്‍ അതിനെ
എപ്പോഴും ആട്ടം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു .
കുട്ടികള്‍ ചോദ്യങ്ങള്‍ കൊണ്ട്
അവനെ ചിന്തിപ്പിക്കുന്നു
എങ്കില്‍ അതിനുത്തരം കണ്ടെത്തുന്നത്
കുട്ടിക്കളിയെന്ന കള്ളഭാവത്തില്‍
അവനവയെ മറികടന്നോടുന്നു .
ഈ പ്രപഞ്ചം
അവന്റെ സ്വന്തമെന്നു കരുതുന്ന മൂഡത്തം
മനുഷന്റെ ഒരു ലക്ഷണമാണ് ,
സൂര്യനെയും ചന്ദ്രനേയും അവന്റെ
കൈവിരല്‍ത്തുമ്പ്‌ കൊണ്ട്
മറച്ചു കളയാമെന്നവന്‍ ചിന്തിക്കുന്നു .
കണ്ണുകൊണ്ട് അളക്കുന്നതിലേറെ അവന്‍
മനസ്സുകൊണ്ട് അളക്കുന്നു
എങ്കിലോ അതില്‍ പാതിയും
അവനെത്തന്നെ എന്നവന്‍ മറന്നുപോകുന്നു .
സത്യം കറുപ്പോ വെളുപ്പോ അല്ല
സ്വയം പ്രകാശിക്കുന്നതാണ് ,
മനുഷ്യനാണ് അതിനെ
നിറം പിടിപ്പിക്കുന്ന നുണകളാക്കുന്നത്‌ .
കാറ്റു തൊടുമ്പോള്‍ ഇലകള്‍ അടരുന്നു
പൂക്കള്‍ കൊഴിയുന്നു
വിളക്കണയുന്നു .
അവന്‍റെ കാലം തൊടുമ്പോള്‍ മനുഷ്യരും
അങ്ങിനെത്തന്നെ .
ആദത്തെയും ഹവ്വായെയും
ദൈവമുണ്ടാക്കിയെന്നു പറയുന്നു
ഇപ്പോഴോ
അവരുടെ മക്കള്‍ ദൈവങ്ങളെയുണ്ടാക്കി കളിക്കുന്നു .
കളി തുടരുമ്പോള്‍ മനുഷ്യരെ വച്ചവര്‍ ചൂത്കളിക്കുന്നു .
കളി മടുക്കുമ്പോള്‍ അവര്‍ സ്വയം ദൈവങ്ങളാകുന്നു .
അപ്പോഴും
സൂര്യന്‍ അതിന്‍റെ തീയും കൊണ്ട്
കിഴക്ക് നിന്നും പടിഞ്ഞാറുള്ള വീട്ടിലേക്ക് ഓട്ടം തുടരുന്നു .
ഘടികാരസൂചികള്‍ അതിനൊപ്പം തലയാട്ടിക്കൊണ്ട്
പതിവ് നടത്തം തുടരുന്നു .
മനുഷ്യരോ മനുഷ്യരെന്നതു മറന്നേ പോകുന്നു
ഒരു കൃതിമ ലോകത്തെ വിരല്‍ത്തുമ്പിലിട്ട് കറക്കുന്നു .
സത്യമപ്പോള്‍ ഒറ്റക്കണ്ണ്‍ തിരുമ്മുന്നു.
നുണയതിലൊരു വെളുത്ത പാട കുടഞ്ഞു വിരിക്കുന്നു .


_______________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "