Labels

11.01.2017

കവിത വിശക്കുന്ന നേരം


ഉറക്കം വരാതിരിക്കുമ്പോള്‍
ഏകാന്തതയുടെ ചുരമിറങ്ങുന്നു
ചുറ്റും ഓര്‍മ്മകളുടെ പരുക്കന്‍
കാറ്റുവീശുന്നു .
വഴി തീര്ന്നുപോകുമ്പോള്‍ 
ഒഴിഞ്ഞ മുറിയിലേക്ക് എന്നപോലെ
ഞാന്‍ എന്നിലേക്ക് തിരികെ കയറുന്നു .

രാത്രിയുടെ കടുത്തനീലയില്‍
ആരോ കുടഞ്ഞിട്ട തുള്ളികള്‍ പോലെ
ആകാശം അതിന്റെ കുഞ്ഞുങ്ങളുമായി
നിവര്‍ന്നു കിടക്കുന്നു .

ഞാനോ,
ഉറക്കത്തിന്റെ ചഷകം കണ്ണോട് അടുപ്പിക്കുന്നു .
പാതി തീര്‍ന്ന കറുത്ത ചുരുട്ട് പോലെ
ഒരു രാത്രിയെ ആഞ്ഞു വലിക്കുന്നു .
രാത്രിയോ ,
അതിവേഗം അതിന്റെ ഒഴിഞ്ഞ ചുണ്ടില്‍ നിന്നും
എന്നെ പുറത്തേക്കെറിയുന്നു .

ഞാന്‍ ഒരു പകലിന്റെ കാട്ടുവഴിയില്‍
കോട്ടുവായിട്ടും കൊണ്ട്
മഞ്ഞുമണമുള്ള സൂര്യനെയും കിളിയൊച്ചകളെയും
പൂക്കളെയും പിന്നെ എന്നെയും 
ഒരു കവിതയിലേയ്ക്ക് പെറുക്കിക്കൂട്ടുന്നു .,
അത്രയും നേര്‍ത്തതും സുന്ദരവുമായ ഉപമകളായതിനാല്‍
അതിനു മുകളില്‍ ഒരു കാറ്റിനെ പതുക്കെയൊന്ന്
എടുത്തു വക്കുന്നു .
എനിക്കപ്പോള്‍ ഒരു കവിത വിശക്കുന്നു !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "