8.30.2017

ഹൈക്കു - Haiku

1)* മഞ്ഞു വീഴുന്ന നദിക്കരയില്‍ 
ഇളം വയലറ്റ് പൂക്കളുമായ്‌ മൂന്നുമരങ്ങള്‍ 
പ്രഭാതത്തിലെ ഹൈക്കു !
____________________________
2)* തനിയെ നടക്കുമ്പോള്‍ 
എന്റെതെന്നപോലെ കൂടെവരുന്നു
നിന്റെയോര്‍മ്മകള്‍ .
____________________________
3)* മധുരമില്ലാത്ത മരുന്ന്
മധുരമില്ലാത്ത നിന്റെ ചിരി
ഉടല്‍മുഴുവന്‍ മധുരം കയറിപ്പോയ ഒരുവന്‍റെ
അത്താഴം .
_____________________________
4)* ആള്കൂട്ടത്തിനിടയില്‍
ഏകനായൊരുവന്‍ ,
മരിച്ചുപോയവന്‍ !
_____________________________
5)* പാദുകമില്ലാതെ നടക്കുമ്പോള്‍
അരുമയൊന്നുമില്ലാതെ തൊട്ടുനോക്കുന്നു
ഇടവഴികള്‍ .
_____________________________
6)* ഒന്നിനെ കാത്തിരിക്കുമ്പോള്‍
ഓരോ നിമിഷവും
ഒരായിരം ഒച്ചിനെപ്പോലിഴയുന്നു
_____________________________
7)* മഴ ചാറുമ്പോള്‍
നിറയെ പാത്രങ്ങള്‍ നിരത്തി
അതിനെ സ്വീകരിക്കുന്നു
വീട് .
______________________________
8)* ഉച്ചസൂര്യന്‍റെ വിരിപ്പ് വീഴവേ
വേനലുച്ചിയില്‍ വയലുകളില്ല നിഴലുമില്ല
സമൃദ്ധമ്മാമൊരേകാന്തത !
______________________________
9)* അച്ഛന്‍ വീട്ടിലെത്തും മുന്‍പേ ഇരുട്ടെത്തുന്നു
ഓരോ മുറികളിലും വെളിച്ചം നിറച്ച്
വീടതിനെ പുറത്തു നിറുത്തുന്നു .
_________________________________
10)* ജീവിത സായാഹ്നത്തില്‍ തനിച്ചിരിക്കെ
ഒരു പാട്ടുകൊണ്ട് കുട്ടിക്കാലത്തെത്തിക്കുന്നു
കുയില്‍
__________________________________
11)* ശലഭങ്ങള്‍ നൃത്തംചെയ്യുന്നതിനു മേലെ
ചെറുകുരുവി കൂട്തുന്നുന്ന ചെറുചില്ല
വസന്തമതിന്റെ കവാടം തുറക്കുന്ന
നിശബ്ദസന്ദേശം !
____________________________
12)* പകലാണ്‌
നീട്ടിച്ച്ചുംബിക്കുന്നൊരു
നിഴല്‍മാത്രം ,കൂട്ടിന് .
_______________
13)* പൂക്കള്‍ക്ക്
കുഞ്ഞുങ്ങളില്ല രാജാവുമില്ല
മനുഷ്യനെപ്പോലെയല്ല
പൂക്കള്‍ മാത്രമാണ് അവ .
__________________
14)* വഴി മുറിച്ചു കടക്കുമ്പോള്‍
കറുത്ത പൂച്ചക്കുഞ്ഞുങ്ങൾക്കാണ്
മനുഷ്യരേക്കാള്‍ തിടുക്കം
___________________
15)* ദൈവവിഗ്രഹത്തില്‍ നിന്നുപോലും
തന്‍റെ വെളിച്ചത്തെ മടക്കിയെടുക്കുന്നു
അസ്തമയ സൂര്യന്‍ .No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "