7.04.2017

പ്രണയത്തിന്റെ വെയിലും നിലാവും

http://www.asianetnews.tv/magazine/love-debate-sony-dith


https://www.facebook.com/AsianetNews/posts/1968486216510244?pnref=story

ഉടലിന്റെ മിനുത്ത പാളികള്‍  കടന്നു നഗ്നമായ അതിന്റെ ആത്മാവുമായി  സംവേദിച്ച് രണ്ടുപേര്‍  ചേര്‍ന്നിരിക്കുമ്പോള്‍  യഥാര്‍ത്ഥ  പ്രണയം സംഭവിക്കുന്നു .ഏതു വാളുകൊണ്ട്  രാകി  നോക്കിയാലും പോറലെല്‍ക്കാത്ത  വജ്രമാണത് . 

ഒരു ശിലയുടെ ഉള്ളിലെ സൌന്ദര്യം  നാം  ആസ്വദിക്കുക  അത്  ശില്‍പ്പമായി പുറത്തു  വരുമ്പോഴാണ് .ഓരോ  മനുഷ്യനും  അവനവനെത്തന്നെയും മറ്റുള്ളവയേയും  ഇഷ്ടത്തോടെ  കാണാന്‍  ശ്രമിക്കുന്നത്  പ്രണയം  എന്ന  വികാരം  ഉള്ളില്‍  നിന്നും  കടഞ്ഞെടുക്കുമ്പോള്‍  ആണ് .ചുരുക്കത്തില്‍ പ്രണയമാണ്  ഒരു  ജീവിതത്തിന്റെ  വസന്തകാലം എന്ന് പറയാം .


പ്രണയം എന്നാല്‍ കാല്പനികതയുടെ  സുന്ദരഭൂമികൂടിയാണ് എത്ര വെയിലിനെയും അവിടെ സൂര്യന്റെ  തൂവലുകള്‍  എന്നെ  അവര്‍  അനുഭവിക്കൂ .പ്രണയകാലം   അതിന്റെ  മാന്ത്രികതകള്‍  കൊണ്ട്  പലരെയും അവരറിയാതെ  തന്നെ തനിക്കു  പോകാവുന്നതിലും  അപ്പുറത്തേക്ക് കൊണ്ടുപോകുകയും  ചെയ്യും .

പ്രണയത്തില്‍  പങ്കുവയ്ക്കലുകളാണ് അധികവും .അവിടെ 
പരസ്പരം വാക്കുകള്‍  കൊണ്ടും  നോക്കുകള്‍കൊണ്ടും  ഊട്ടുന്നതില്‍ സംതൃപ്തി  അനുഭവിക്കുന്നു .ആ ലോകത്തെ സുന്ദരവും സന്തോഷമുള്ളതും  ആക്കി  കൂടെക്കൂടെ  ചേര്‍ത്തുപിടിക്കുവാന്‍  രണ്ടുപേര്‍ മത്സരിച്ചു  ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി സ്വയം  മറന്നു  സഞ്ചരിക്കുന്ന  വഴികള്‍  പിന്നീട് എത്ര  അന്വേഷിച്ചാലും  കണ്ടുകിട്ടി എന്നും വരില്ല  .പ്രണയത്തില്‍ എന്ത് തടസ്സങ്ങളെയും  ചാടിക്കടക്കാന്‍  നിഷ്പ്രയാസം  അവര്‍ വഴികള്‍  കണ്ടെത്തും . എന്തിനും  ഏതിനും  ധൈര്യം ആവേശങ്ങളും  വന്നുചേരുന്ന  സമയങ്ങള്‍ . "എതു പൂച്ചയെയും  കലമുടക്കാന്‍  പാകത്തിന്  ആക്കി  തീര്‍ക്കുന്ന മാന്ത്രവാദിയാണ് പ്രണയം ".സ്വയം അത്  പലരെയും അത്ഭുതപ്പെടുത്തുകയും മറ്റുള്ളവരെക്കൊണ്ട് വാപൊളിപ്പിക്കുകയും മൂക്കത്ത് വിരല്‍  വെപ്പിക്കുകയും ചെയ്യും .ചിലപ്പോഴൊക്കെ ആവര്‍ത്തിച്ചു  കൈ  വേദനിപ്പിച്ചു നാം ആഞ്ഞു  വലിച്ചു  വിടുന്നൊരു  റബ്ബര്‍  ബാന്റു പോലെയാണ്  അത് .

എത്ര  മിണ്ടിയാലും  തീരാത്ത  അത്രയും വര്‍ത്തമാനവും ഇഷ്ടങ്ങളും  നനുത്ത  വാക്കുകള്‍  കൊണ്ട്  അമ്മാനമാടി  രസിച്ചവര്‍ ജീവിതത്തിന്റെ മറ്റൊരു  വാതിലിലൂടെ  കൈകോര്‍ത്തു തൊട്ടുരുമ്മി വലതുകാല്‍ വച്ച് കയറുമ്പോള്‍ കുറച്ചു  ദൂരം  അനായാസേനെ  ചിരിച്ചും കളിച്ചും ആസ്വദിച്ചും പറന്നു  നടക്കുന്നു .പിന്നീട് എപ്പോഴോ മറ്റുപലരുടെയും  ജീവിതം നോക്കി അമര്‍ത്തിക്കെട്ടിപ്പിടി ച്ചു  നമ്മള്‍  ഇതുപോലെയൊന്നും ആകില്ലെന്ന് ആവര്‍ത്തിച്ചു  പറഞ്ഞെതെല്ലാം പൊട്ടിത്തൂളി പോകുന്നത്  നോക്കി  നില്‍ക്കേണ്ടി  വരികയും  ചെയ്യും.എന്നിട്ട് " പറ " പിന്നെ " വേറെന്താ ന്നൊക്കെ  കൂട്ടിക്കൂട്ടി  ചോദിച്ചു  അവസാനിക്കാതെ  മിണ്ടിയിരുന്ന പ്രണയത്തിന്റെ  ആകാശങ്ങള്‍ ഏതോ  ദ്വീപെന്നപോലെ ചുരുങ്ങിപ്പോയതെപ്പോഴെന്നു  അറിയാതെ  കണ്ണ്  മിഴിച്ചും മൂക്ക്  ചുവപ്പിച്ചും ഒച്ചഇടര്‍ന്നും നോക്കി  നില്ക്കും .


സ്വന്തമാകും  വരെ  ഒന്നിനോട്  മനുഷ്യര്‍  കാണിക്കുന്ന  പ്രിയം ഇക്കാര്യത്തിലും  വെറുതെ  ഇരിക്കുന്നില്ല  ഇവിടെയും  പലയിടത്തും  അത്  തന്റെ വില്ലന്‍  വേഷം ഭംഗിയായി ചെയ്ത് ,ഡപ്പാംകൂത്തും കളിച്ചു പടക്കം  പൊട്ടിച്ചു ബഹളമുണ്ടാക്കി  വെപ്രാളപ്പെട്ട് ജീവിത്തെ തിരിച്ചിടുകയും  ചെയ്യും .
പുകഴ്ത്തിയതിനെ  എല്ലാം  മാറ്റിപ്പറയുകയും അന്നത്തെത്  പോലെ  ഇന്നില്ലല്ലോ എന്ന  ആവലാതികള്‍  കൊണ്ട്  പരസ്പരം  പുളിവാറല്‍ വീശുകയും  ചെയ്യുമ്പോള്‍ പ്രണയത്തിന്റെ  സുന്ദര  രൂപത്തിനു പതിയെപ്പതിയെ മാറ്റം  വന്നു മറ്റൊന്നായി മാറുന്നു .ചിലത്  വീണ്ടും  അതിന്റെ  ഉന്മാദങ്ങളിലെയ്ക്ക് കാറ്റിനെതിരെ തുഴഞ്ഞു  കയറി   പണ്ടത്തെതിനേക്കാള്‍  ഉണര്‍വ്വോടെ ചിരിച്ചു  നില്‍ക്കും . 

ജീവിത  യാത്രയ്ക്കിടയില്‍  പ്രണയത്തെ  കുടഞ്ഞു കളയുകയോ  മറന്നു  വയ്ക്കുകയോ ചെയ്യുന്നതില്‍ പലപ്പോഴും  ഭീരുത്വമാണോ  നിസ്സഹായതയാണോ  മുന്നിട്ടു  നില്‍ക്കുന്നത്  എന്നതു  പലപ്പോഴും  നമ്മുക്ക്  പിടിതരാത്ത മീനായി വഴുതിക്കൊണ്ടിരിക്കും .

കീശ  കാലിയാകുമ്പോള്‍  വയറു  വിശക്കുമ്പോള്‍ അഴക്‌  അഴിഞ്ഞു  പോകുമ്പോള്‍ ഒക്കെയും  പ്രണയം  എന്നത് വലിയൊരു  തൂക്കുപാലത്തിലൂടെ  ആടിയുലഞ്ഞു പോകുന്ന ഒരു  നിഴല്‍രൂപം  മാത്രമാകുന്നത്  കണ്ടും  കടന്നും  പോയിട്ടുള്ളവരാണ് നമ്മില്‍  പലരും .ആവര്‍ത്തിച്ചു  സമര്തിക്കുവാന്‍ ശ്രമിച്ചാലും പ്രണയത്തിലെ ആത്മാര്‍ഥത പലപ്പോഴും  ചോദ്യം ചെയ്യപ്പെടുകയും  ചെയ്യും .


വിശുദ്ധമായ പ്രണയവും  വികൃതമായ  പ്രണയവും  ഉണ്ട് . പലപ്പോഴും  കാമത്തിന്റെ വീര്യമാണ്  ഇവ  രണ്ടിനെയും വേര്‍തിരിച്ചു നല്‍കുക .മഴ ഭൂമിയോട്  ചെയ്യുന്നതിലെ സ്വാഭാവികതയെ അതിന്റെ  വിശുദ്ധിയെ നാം സ്വാഗതം ചെയ്യുന്നു  . ഒരു  മഴു മരങ്ങളോട്  ചെയ്യുന്നതിനെ അതെ  ഭാവത്തോടെ  നാം  സ്വീകരിക്കുമോ എന്ന്  രണ്ടുത്തരത്തില്‍ നോക്കി  നാം  നെടുവീര്‍പ്പിടെണ്ടി  വരും .നെഞ്ചിനുള്ളിലെ ഇഷ്ട്ടം ഇളനീര്  പോലെയാണ് . ഉടലിനു  ഉടലിനോട്  തോന്നുന്നതു മൊട്ടു  വിടര്‍ന്നു കോഴിയും  നേരം വരെ മാത്രം  ജീവനുള്ള  ഒന്നായിരിക്കും .


കണ്ണും  മൂക്കും  ഒന്നും  ഇല്ലാത്ത  പ്രണയങ്ങളില്‍  നിന്നും  ഇന്ന്  കൃത്യമായി പ്ലാനോടെ  പ്രണയിക്കുന്ന  ജോഡികള്‍  വരെ എത്തി  നില്ക്കുകയാണ്.ജാതിയും  മതവും ജോലിയും പണവും എല്ലാം  നോക്കി രണ്ടു കുടുംബത്തിന്റെയും പരാതികളോ
കണ്ണുരുട്ടലുകളോ   ഇല്ലാതെ വളരെ  സിമ്പിള്‍  ആയി  അവര്‍ പ്രണയത്തെ  ജീവിതത്തിലേക്ക്  പറിച്ചു  നടുന്നു .വളരെ  പ്രാക്റ്റിക്കലായി  പ്രണയത്തെ  നോക്കി  കാണുന്നവര്‍ എന്ന  ലേബല്‍  അവര്‍ക്ക് പതിച്ചു  കിട്ടുകയും  ചെയ്യും .

ന്യൂ ജെന്‍ പ്രണയ  കഥകളില്‍ ഉടുപ്പുകളെക്കാള്‍ വേഗത്തില്‍ മാറി മാറി ഇട്ടു  നോക്കി ഊരി   എറിയുന്ന തരത്തില്‍  ഉള്ള കളികളും ഇന്ന്  നമുക്ക്  സുപരിചിതമാണ് .എത്രയെത്ര  പുതിയ  മാനങ്ങള്‍  ഇനിയും  പ്രണയത്തിന്റെ  നിഘണ്ടുവില്‍  എഴുതിച്ചേര്‍ക്കാനിരിക്കുന്നു . 
എത്ര എഴുതിയാലും  പറഞ്ഞാലും തീരാത്ത  ഒന്നായി  പിന്നേം  അത്  കാലങ്ങള്‍  മാറി മാറി  സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കും .കവികളുടെയും സിനിമകളുടെയും ക്യാംബസ്സുകളുടെയും  ഓമന  സന്താനമായി  പ്രണയം  പിന്നെയും  കൊഞ്ചി  വഷളാകും  .

വൃദ്ധനെ പഴയ വികൃതിയാക്കുവാനും തളര്‍ന്നു കിടക്കുന്നവനെ ചിറകുകള്‍  ഉണ്ടെന്നു  തോന്നിപ്പിക്കുവാനും ഈ  പ്രണയം എന്നതൊന്നു  മതി  എന്നതും  അതിശയം തന്നെ .ഒരേസമയം  പുതുക്കപ്പെടുകയും എന്നാല്‍ ഏറ്റവും പഴക്കമുള്ളതുമായ പ്രണയത്തിനു നമ്മുടെ  ഭാഷകളോ വിവര്‍ത്തനങ്ങളോ   പോരാതെ  വരുന്നു എന്നതും കൂടിയാണ്അവസാനം നാം കണ്ടുപിടിക്കുന്ന  ഒരു  സത്യം.
*************************************************************************************************************************